കൊച്ചി: കോവിഡ് വാക്‌സിന്റെ കാര്യത്തിൽ ഒ.ടി.പി. കിട്ടും സ്ലോട്ട് കിട്ടില്ലെന്നതാണ് നിലവിലെ അവസ്ഥയെന്ന് ഹൈക്കോടതി. വാക്‌സിന് സ്ലോട്ട് കിട്ടുകയെന്നത് ക്ലേശകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര വാക്‌സിൻ നയം ചോദ്യംചെയ്യുന്നതടക്കമുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാനും അടങ്ങിയ ഡിവിഷൻ ബെഞ്ച്.

വാക്‌സിൻ നൽകുന്നതിൽ പുനർനിർണയിച്ച മുൻഗണനപ്പട്ടിക സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. വീടുകളിലെ മാലിന്യം ശേഖരിക്കുന്നവരെ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നിർദേശമുണ്ടോയെന്നും അറിയിക്കണം. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരുന്നപ്പോൾ സ്ലോട്ട് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാൻ കഴിഞ്ഞിരുന്നെന്ന് കേരള മെഡിക്കൽ സർവിസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) അഭിഭാഷകൻ എം. അജയ് വിശദീകരിച്ചു. പുതിയ നയത്തിൽ സ്‌പോട്ട് രജിസ്‌ട്രേഷന് സൗകര്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്ലോട്ട് ലഭിക്കാൻ സഹായിക്കുന്ന സ്വകാര്യ ആപ്പുകളും പ്രശ്‌നമായിമാറുന്നുണ്ട്.

പുതിയ കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിൽ വാക്‌സിൻ വിതരണത്തിൽ ഏതാനും ദിവസത്തിനുള്ളിൽ വ്യക്തമായ പദ്ധതിക്ക് രൂപംനൽകാനാകുമെന്ന് സീനിയർ ഗവൺമെന്റ് പ്ലീഡർ വി. മനു വിശദീകരിച്ചു. വാക്‌സിൻ ഫലപ്രദമായി ഉപയോഗിച്ചതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. സംസ്ഥാനത്ത് 18 വയസ്സിനുമേൽ പ്രായമുള്ള 2.63 കോടിയാളുകൾക്ക് വാക്‌സിൻ നൽകേണ്ടതുണ്ട്. 5.26 കോടി ഡോസ് വാക്‌സിൻ ഇതിനാവശ്യമാണ്. ജൂൺ ഒമ്പതുവരെയുള്ള കണക്കുപ്രകാരം 86,21,845 പേർക്കാണ് ഇതുവരെ ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. 21,97,024 പേർക്ക് രണ്ടാം ഡോസും ലഭിച്ചു. വിദേശ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ ഉത്‌പാദിപ്പിക്കുന്ന കോവിഷീൽഡിന് 600 രൂപ മാത്രം ഈടാക്കുമ്പോൾ ഭാരത് ബയോ ടെക് ഉത്‌പാദിപ്പിക്കുന്ന കോവാക്‌സിന് 1200 രൂപ ഈടാക്കുന്നതിലെ വൈരുധ്യവും ഹർജിക്കാർ ചൂണ്ടിക്കാട്ടി.