തിരുവനന്തപുരം: സംസ്ഥാനത്ത് 60-നുമുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിത്തുടങ്ങി. ഗുരുതരരോഗങ്ങളുള്ള 45-നും 59-നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകുന്നുണ്ട്. സർക്കാർ ആശുപത്രികൾക്ക് പുറമേ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട 300-ഓളം സ്വകാര്യ ആശുപത്രികളിലും സൗജന്യമായാണ് വാക്സിൻ നൽകുന്നത്.

തിങ്കളാഴ്ച പുതുതായി മരുന്ന് സ്വീകരിച്ചവരിൽ ആർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഞായറാഴ്ച വരെ ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണി പോരാളികളുമടക്കം 5.87 ലക്ഷം പേർ മരുന്ന് സ്വീകരിച്ചിരുന്നു.

* മരുന്നിനായി വിതരണകേന്ദ്രത്തിലെത്തുമ്പോൾ ആധാർകാർഡ്, രജിസ്‌ട്രേഷൻ വിവരങ്ങൾ നൽകിയ ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡ്, രജിസ്റ്റർചെയ്ത നമ്പർ ഉള്ള മൊബൈൽഫോൺ എന്നിവ കരുതണം.

എങ്ങനെ രജിസ്റ്റർ ചെയ്യാം

* കോവിൻ ( https://www.cowin.gov.in ) പോർട്ടൽ വഴിയോ ആരോഗ്യസേതു ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർചെയ്യണം.

* നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ രജിസ്റ്റർ ചെയ്യാം.

* മൊബൈൽനമ്പർ നൽകി അതിലേക്ക് ലഭിക്കുന്ന ഒ.ടി.പി. വഴി അക്കൗണ്ട് ഉണ്ടാക്കണം.

* ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഫോട്ടോപതിച്ച പെൻഷൻരേഖ തുടങ്ങിയ തിരിച്ചറിയൽ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം രജിസ്‌ട്രേഷൻ.

* തിരിച്ചറിയൽ കാർഡ് നമ്പർ, പേര്, ജനനത്തീയതി തുടങ്ങിയവിവരങ്ങളാണ് രജിസ്‌ട്രേഷൻ സമയത്ത് നൽകുന്നത്.

* ഒരു മൊബൈൽ നമ്പരിൽ നാലുപേർക്കുവരെ രജിസ്റ്റർ ചെയ്യാം

* രജിസ്‌ട്രേഷൻസമയത്ത് മരുന്ന് ലഭിക്കുന്ന കേന്ദ്രങ്ങളുടെ പട്ടികയും സമയവും പോർട്ടലിൽ അറിയാം.

* ആശുപത്രിയിൽപ്പോയി മരുന്ന് സ്വീകരിക്കുന്നതുവരെ രജിസ്‌ട്രേഷനും തിരഞ്ഞെടുത്ത സമയത്തിലും മാറ്റംവരുത്താം.

* രജിസ്‌ട്രേഷനുശേഷം ലഭിക്കുന്ന സ്ളിപ്പ് ഡൗൺലോഡ് ചെയ്യണം. മൊബൈലിൽ മെസേജും ലഭിക്കും.

* ഇത് വാക്‌സിനേഷൻ കേന്ദ്രത്തിൽ കാണിക്കണം.

* ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസ് എടുക്കേണ്ട സമയവും മെസേജായിലഭിക്കും.

* ആദ്യഡോസിനുശേഷം 29-ാം ദിനമാണ് രണ്ടാംഡോസ് എടുക്കേണ്ടത്.

45-നും 59-നും ഇടയിലുള്ളവർ

* ഗുരുതരരോഗങ്ങളുള്ള 45-നും 59-നും ഇടയിൽ പ്രായമായവർക്കും രജിസ്റ്റർ ചെയ്യാം.

* രോഗം സംബന്ധിച്ച് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ കോമോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നൽകണം.

* ഹൃദ്രോഗികൾ, കൊറോണറി ആർത്രൈറ്റിസ് രോഗികൾ, രക്താതിസമ്മർദം, പത്തുവർഷത്തിലധികമായി ചികിത്സയിലുള്ള പ്രമേഹരോഗികൾ, വൃക്കരോഗികൾ, കരൾരോഗികൾ, ഗുരുതരശ്വാസകോശരോഗികൾ, ലിംഫോമ, ലുക്കീമിയ, മൈലോമരോഗികൾ, അർബുദം, അരിവാൾ, ബോൺമാരോ, തലാസീമിയ രോഗികൾ, എച്ച്.ഐ.വി. ബാധിതർ, ആസിഡ് അക്രമണംമൂലം ശ്വാസകോശപ്രശ്നങ്ങളുള്ളവർ, അന്ധത, ബധിരത തുടങ്ങി ഒന്നിലധികം വൈകല്യങ്ങളുള്ളവർ തുടങ്ങിയവ ഉള്ളവർക്കാണ് മരുന്ന് ലഭിക്കുക. രോഗങ്ങളുടെ പട്ടികയും സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉച്ചവരെ രജിസ്റ്റർ ചെയ്തത് 10 ലക്ഷം പേർ

തിങ്കളാഴ്ച ഉച്ചവരെ ഇന്ത്യയൊട്ടാകെ 10 ലക്ഷത്തിലധികം പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാവിലെ ഒമ്പതുമണിയോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

Content highlight: Covid vaccine distribution kerala