തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടരക്കോടിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ്. വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേർക്ക് (1,18,84,300) രണ്ടാം ഡോസും നൽകി.

ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,68,95,509 ഡോസ് വാക്സിൻ നൽകി. കോവിഡ് ബാധിച്ച 10 ലക്ഷത്തോളം പേർക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിൻ എടുത്താൽ മതി. ഇനി ഏഴുലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സിൻ എടുക്കാനുള്ളത്.

ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണിപ്പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിൻ എടുത്തു. ആരോഗ്യ പ്രവർത്തകരിൽ 88 ശതമാനം പേരും കോവിഡ് മുന്നണിപ്പോരാളികളിൽ 90 ശതമാനം പേരും രണ്ടാം ഡോസ് എടുത്തു. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതൽ വാക്സിനെടുത്തത്. സ്ത്രീകൾ 1,91,10,142 ഡോസ് വാക്സിനും പുരുഷൻമാർ 1,77,76,443 ഡോസ് വാക്സിനുമാണെടുത്തത്.