തിരുവനന്തപുരം: ലോക്ഡൗൺകാലത്ത് അസംഘടിതമേഖലയിലുണ്ടായത് കനത്തതിരിച്ചടി. സ്വാഭാവികമായുണ്ടായ നഷ്ടത്തിനുപുറമേ ഉത്പാദന, സേവന, വ്യാപാരമേഖലകളിൽ 34 ശതമാനംപേരും കടബാധ്യതയിലായി. 90 ശതമാനത്തിനും വായ്പാതിരിച്ചടവ് മുടങ്ങി. ഉത്പാദനമേഖലയിൽ 90, വ്യാപാരമേഖലയിൽ 88, സേവനമേഖലയിൽ 92 എന്നിങ്ങനെയാണ് തിരിച്ചടവ് മുടങ്ങിയവരുടെ കണക്ക് ശതമാനത്തിൽ.

സംസ്ഥാന സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിനുവേണ്ടിയുള്ള ത്വരിതപഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. അസംഘടിതമേഖലയിൽ 43 ലക്ഷത്തിലധികം ആളുകൾ ഉപജീവനംതേടുന്നുണ്ട്. കോവിഡ്മൂലം മാർച്ച് അവസാനം ആരംഭിച്ച ലോക്ഡൗൺ രൂക്ഷമായ വരുമാനനഷ്ടവും തൊഴിൽനഷ്ടവും കടബാധ്യതയുമാണ് വരുത്തിയത്.

ഉത്പാദനമേഖല

നാലുവർഷം മുമ്പത്തെ ദേശീയ സാംപിൾസർവേ പ്രകാരം അസംഘടിതമേഖലയിലെ തൊഴിലാളികളിൽ 23 ശതമാനം ഉപജീവനം തേടുന്നത് ഉത്പാദനമേഖലയിലാണ്. ലോക്ഡൗണിനെത്തുടർന്ന് ഏപ്രിലിൽ സംരംഭകപ്രവർത്തനം 12 ശതമാനംമാത്രമായി. 77 ശതമാനംപേർക്ക് തൊഴിൽനഷ്ടം, വരുമാനത്തിൽ 86 ശതമാനം ഇടിവ്. മേയിൽ വരുമാനനഷ്ടം 69 ശതമാനമായി. ജൂണിൽ തൊഴിൽനഷ്ടം 31 ശതമാനമായി കുറയുകയും വരുമാനനഷ്ടം 47 ശതമാനവുമായി. ജൂലായിൽ 72 ശതമാനം ദിവസങ്ങളിൽ സംരംഭങ്ങൾക്ക് പ്രവർത്തിക്കാൻ സാധിച്ചു. ഇപ്പോഴും 30 ശതമാനത്തിനും പ്രവർത്തനം തുടങ്ങാനായില്ല. 36 ശതമാനം വരുമാനനഷ്ടം.

സേവനമേഖല

അസംഘടിതമേഖലയിലെ പകുതിയോളം ആളുകളുള്ള സേവനമേഖലയിൽ ഏപ്രിലിൽ പ്രവർത്തനം എട്ടുശതമാനമായി ചുരുങ്ങി. 78 ശതമാനം ആളുകൾക്ക് തൊഴിൽനഷ്ടമുണ്ടായി. 90 ശതമാനം വരുമാനനഷ്ടം. മേയിൽ വരുമാനനഷ്ടം 77 ശതമാനം. തൊഴിൽനഷ്ടം 61 ആയി. ജൂണിൽ തൊഴിൽനഷ്ടം 41, വരുമാനനഷ്ടം 60 എന്നിങ്ങനെയാണ്. ജൂലായിൽ 69 ശതമാനം ദിവസങ്ങളിലേ പ്രവർത്തിച്ചുള്ളൂ, വരുമാനനഷ്ടം 67 ശതമാനം.

വ്യാപാരമേഖല

31 ശതമാനം ആളുകൾ വ്യാപാരമേഖലയിൽ തൊഴിൽ ചെയ്യുന്നു. അവശ്യവിഭാഗത്തിലുൾപ്പെടുത്തി ഇളവുകൾ നൽകിയതിനാൽ ഏപ്രിലിൽ 29 ശതമാനം ദിവസങ്ങൾ സംരംഭങ്ങൾ തുറന്നു. എങ്കിലും 62 ശതമാനം തൊഴിൽനഷ്ടവും 71 ശതമാനം വരുമാനനഷ്ടവും ഉണ്ടായി. മേയിൽ പ്രവർത്തനദിനങ്ങളുടെ നഷ്ടം 50 ശതമാനമായപ്പോൾ തൊഴിൽ നഷ്ടം 44 ശതമാനവും വരുമാനനഷ്ടം 50 ശതമാനവുമായി. ജൂണിൽ തൊഴിൽനഷ്ടം 19 ശതമാനം, വരുമാനനഷ്ടം 35 ശതമാനം. ജൂലായിൽ കൺടെയ്‌ൻ‌മെന്റ് സോണുകൾ കൂടിയതിനാൽ വലിയൊരു ഉണർവുണ്ടായില്ല.

അതിഥിത്തൊഴിലാളികൾ

ഏപ്രിലിൽ 81 ശതമാനം അതിഥിത്തൊഴിലാളികൾ തൊഴിൽരഹിതരായയെങ്കിലും അടുത്തമാസം 69 ശതമാനമായി. ജൂണിൽ 50 ശതമാനത്തിനും തൊഴിൽമേഖല അപ്രാപ്യമായി. നാട്ടിലേക്കുള്ള തിരിച്ചുപോക്കോടെ 55ശതമാനം അതിഥിത്തൊഴിലാളികളുടെ അസാന്നിധ്യവുമുണ്ടായി.

Content Highlight: Covid; unorganized sector, 34 per cent are in debt