കണ്ണൂർ: കോവിഡ് വ്യാപനത്തോടെ അന്താരാഷ്ട്ര വ്യോമഗതാഗതം പൂർണമായും റദ്ദാക്കിയതിനാൽ കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾ ചൈന വിടുന്നു. ചൈനയിലെ മെഡിക്കൽ കോളേജുകളിൽനിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാർഥികൾ ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകളിലേക്കാണ് തുടർപഠനത്തിനായി ചേരുന്നത്.

ഓൺലൈനായി ഈ സ്ഥാപനമാറ്റം നടത്തിക്കൊടുക്കുന്നത് കൺസൽട്ടന്റുമാരാണ്. ഈ രാജ്യങ്ങളിലെ മെഡിക്കൽ കോളേജുകൾ തമ്മിൽ ഇത്തരം ഉടമ്പടിയുണ്ടെന്നാണ് മനസ്സിലായതെന്ന് വിദ്യാർഥികൾ പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് 2020 ജനുവരിയിൽ നാട്ടിലെത്തിയ വിദ്യാർഥികൾ ആരും തിരിച്ചു പോയിട്ടില്ല. ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. പ്രാക്ടിക്കൽ പഠനം നടക്കുന്നില്ല.

ഓൺലൈൻ മെഡിക്കൽപഠനം സംസ്ഥാന മെഡിക്കൽ കൗൺസിലും ആരോഗ്യ സർവകലാശാലയും അംഗീകരിക്കുന്നില്ല. ഒരു വർഷത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ ആറു വർഷമാണ് ചൈനയിലെ എം.ബി.ബി.എസ്. കോഴ്സ്. വിദേശത്തുനിന്ന് പഠനം കഴിഞ്ഞു വന്നാൽ ഇവിടെനിന്ന് എഫ്.എം.ജി.ഇ. (ഫോറിൻ മെഡിക്കൽ ഗ്രാേജ്വറ്റ് എക്സാമിനേഷൻ) വിജയിക്കണം.

ഒന്നും ചെയ്യാൻ കഴിയില്ല

പഠനം മുടങ്ങുമോ എന്ന ആശങ്കയിൽ ഒട്ടേറെ വിദ്യാർഥികൾ ബന്ധപ്പെടുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് -കെ. വരദരാജൻ, വൈസ് ചെയർമാൻ, നോർക്ക റൂട്സ്

ആശങ്കയിലാണ്

കോഴ്സ് തീരാൻ മൂന്ന് മാസമുള്ളപ്പോഴാണ് കോവിഡ് കാരണം സർവകലാശാല അടച്ചിട്ടത്. പിന്നെ ഓൺലൈൻ ക്ലാസായി. നഷ്ടപ്പെട്ട പ്രാക്ടിക്കൽ ക്ലാസ് പിന്നീട് തരുമെന്ന് പറയുന്നു. എങ്കിലും കടുത്ത ആശങ്കയിലാണ്. -അമൽ, ചൈനയിലെ ഗ്വാങ്ഷി മെഡിക്കൽ സർവകലാശാല വിദ്യാർഥി ഇരിട്ടി പെരുവമ്പറമ്പ് സ്വദേശി

Content Highlights: Covid Travel ban: Medical students leave China