കല്പകഞ്ചേരി: കോവിഡ് പരിശോധന നടത്തിയ വീട്ടമ്മയ്ക്ക് പരിശോധനാഫലം വന്നത് 52 ദിവസത്തിനുശേഷം. ഫലം പോസിറ്റീവും.

പൊന്മുണ്ടം പഞ്ചായത്തിലെ വൈലത്തൂർ ചിലവിൽ താമസിക്കുന്ന വീട്ടമ്മയ്ക്കാണ് കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവാണെന്ന വിവരം ലഭിച്ചത്. ഏപ്രിൽ 12-നാണ് ഇവർ പരിശോധന നടത്തിയത്. ഫലം ലഭിച്ചത് ജൂൺ നാലിനും.

ഏപ്രിൽ 12-ന് നേരിയ പനിയെത്തുടർന്ന് ഒഴൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു. തുടർന്ന് വളവന്നൂർ പഞ്ചായത്തിലെ ചെറവന്നൂർ ജി.എം.എൽ.പി. സ്‌കൂളിൽ നടക്കുന്ന കോവിഡ് പരിശോധനാക്യാമ്പിലെത്തി ആന്റിജെൻ പരിശോധന നടത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും പരിശോധനാഫലം ലഭിക്കാത്തതിനാൽ നെഗറ്റീവായിരിക്കുമെന്ന ആശ്വാസത്തിലായിരുന്നു വീട്ടമ്മ.

എന്നാൽ, ഇക്കഴിഞ്ഞ നാലിന് പരിശോധനാഫലം പോസിറ്റീവാണെന്നുപറഞ്ഞ് ആരോഗ്യവകുപ്പിൽനിന്ന് വിളി വന്നു. കൂടാതെ പോലീസ്, മാനസിക വിഭാഗം, കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകൻ എന്നിവരുടെ വിളികളുംവന്നു.

പരിശോധനാഫലം കംപ്യൂട്ടറിൽ അപ്ഡേറ്റ് ചെയ്തപ്പോഴുള്ള സാങ്കേതിക തകരാറാണ് ഇതിനു കാരണമെന്ന് മെഡിക്കൽ ഓഫീസർ അഹമ്മദ്കുട്ടി വലിയപീടിയേക്കൽ പറഞ്ഞു.