ആലപ്പുഴ: കോവിഡ് രണ്ടാം തരംഗം മൂലം സംസ്ഥാനത്തെ നഗരസഭകളിലും പഞ്ചായത്തുകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. പലയിടത്തും ശമ്പളം നൽകാൻ പോലും പണമില്ല. ഫണ്ടു മുഴുവനും കോവിഡ് പ്രതിരോധത്തിനായി നീക്കിവെക്കേണ്ടി വന്നതും നികുതി വരുമാനം കുത്തനെ ഇടിഞ്ഞതുമാണു പ്രതിസന്ധിക്കു കാരണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കു പണം നൽകാതിരുന്നതും തിരിച്ചടിയായി. കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, സാമൂഹിക അടുക്കളകൾ എന്നിവയുടെ നടത്തിപ്പിനു വൻ തുകയാണ് ഓരോ മാസവും തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തേണ്ടത്. ചികിത്സാ കേന്ദ്രങ്ങളിൽ നിയമിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ശമ്പളം മാത്രമാണ് ആരോഗ്യ വകുപ്പോ ദേശീയ ആരോഗ്യ ദൗത്യമോ നൽകുന്നത്. മറ്റു താത്കാലിക ജീവനക്കാരുടെയെല്ലാം ശമ്പളബാധ്യത തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലാണ്. ജീവനക്കാർക്കുവേണ്ട പി.പി.ഇ. കിറ്റുൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും തദ്ദേശസ്ഥാപനങ്ങൾ സ്വന്തമായി വാങ്ങുകയാണ്.

കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക അടുക്കളകളുടെ നടത്തിപ്പിനും ചെലവായ തുക സർക്കാരിൽനിന്നു തിരിച്ചുനൽകുമെന്നു വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് ബില്ലും കണക്കും സമർപ്പിച്ചിട്ടും പല തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുവരെ പണം കിട്ടിയില്ല. ചിലർക്കു ചെലവായതിന്റെ നാലിലൊന്നു തുക മാത്രം കിട്ടി. ഓഡിറ്റോറിയങ്ങൾ, ഹാളുകൾ ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവയിൽനിന്നുള്ള വരുമാനം പൂർണമായും നിലച്ചു. വരുമാനമാർഗങ്ങൾ ഒന്നൊന്നായി അടയുകയും ചെലവു കുതിച്ചുയരുകയും ചെയ്തതോടെ നേരത്തെ നീക്കിയിരിപ്പുണ്ടായിരുന്ന തദ്ദേശസ്ഥാപനങ്ങൾ പോലും പ്രതിസന്ധിയിലായി. ശമ്പളത്തിനു പുറമെ വിരമിച്ച ജീവനക്കാരുടെ പെൻഷനും ലീവ് സറണ്ടർ ആനുകൂല്യവും നൽകാൻ നഗരസഭകൾ ബുദ്ധിമുട്ടുകയാണ്. ജനറൽ പർപ്പസ് ഫണ്ടെങ്കിലും വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ടു തദ്ദേശ സ്ഥാപനങ്ങളിൽ പലതും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

പ്രത്യേക ഗ്രാന്റ് അനുവദിക്കണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്കു പ്രത്യേക ഗ്രാന്റ് അനുവദിക്കണം. സ്വന്തം സുരക്ഷപോലും നോക്കാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കു ശമ്പളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കണം - നൈറ്റോ ബേബി അരീയ്ക്കൽ (ജനറൽ സെക്രട്ടറി, കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ)