തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് പോസിറ്റീവായവർക്കും നിരീക്ഷണത്തിലുള്ളവർക്കും തപാൽവോട്ടിന് ചട്ടങ്ങളായി. ഇവരെ പ്രത്യേക വോട്ടർമാരായി പരിഗണിച്ച് വോട്ടെടുപ്പിനു തലേന്നു മൂന്നുമണിവരെ തപാൽവോട്ടിനു സൗകര്യമൊരുക്കുന്നതാണ് വിജ്ഞാപനം. പിന്നീട് പോസിറ്റീവാകുന്നവർക്ക് പോളിങ്ങിന്റെ അവസാനത്തെ ഒരുമണിക്കൂർ ബൂത്തിലെത്തി വോട്ടുചെയ്യാമെന്നതടക്കമുള്ള കാര്യങ്ങളാണ് സർക്കാർ വിജ്ഞാപനത്തിനു തയ്യാറാക്കിയ അന്തിമ ചട്ടത്തിലുള്ളത്.
മെഡിക്കൽ ഓഫീസർ നൽകുന്ന പട്ടികയിലുള്ള വോട്ടർമാർക്കാണ് സ്പെഷൽ തപാൽ ബാലറ്റ് (എസ്.പി.ബി.) അനുവദിക്കുക. ഇങ്ങനെ വീടുകളിൽ തപാൽ വോട്ടുചെയ്യുന്നവർ ബൂത്തിലെത്തുന്നില്ലെന്ന് വരണാധികാരികൾ ഉറപ്പാക്കും. വോട്ടുചെയ്തശേഷം ഇവരുടെ കൈവിരലിൽ മഷി പുരട്ടില്ല.
തപാൽബാലറ്റ് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാൻ വോട്ടർക്ക് അവകാശമുണ്ട്. സ്വീകരിക്കുന്നവർ സ്പെഷൽ പോളിങ് ഓഫീസർ നൽകുന്ന ഫോം 19 ബി-യിൽ ഒപ്പിട്ടുനൽകണം. വോട്ടുചെയ്തശേഷം പോളിങ് ഓഫീസർ ഫോം 16 സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് സ്വീകരിച്ചശേഷം വോട്ടർക്ക് പോളിങ് ഓഫീസർ രസീത് നൽകും. തപാൽ വോട്ടിന്റെ നടപടികൾ വോട്ടെടുപ്പിന്റെ തലേന്ന് ആറിനുമുമ്പ് പൂർത്തിയാക്കും.
Content Highlights: COVID patients can cast postal vote