തിരുവനന്തപുരം: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയെത്തിയിട്ടുണ്ട്.
ആകെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം നാലാമതാണ്. മഹാരാഷ്ട്ര (20,03,657), കർണാടക (9,34,576), ആന്ധ്രാപ്രദേശ് (8,86,694) സംസ്ഥാനങ്ങളാണ് കേരളത്തിനു മുകളിൽ. കേരളത്തിലിത് വെള്ളിയാഴ്ച 8,77,282 ആണ്.
പരിശോധന നടത്തുന്നവരിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് ഒരുഘട്ടത്തിൽ ഒമ്പതുശതമാനത്തിൽ താഴെയെത്തിയിരുന്നെങ്കിലും വെള്ളിയാഴ്ചയോടെ അത് 11.63 ശതമാനമായി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇടമുറിയാത്ത ഒറ്റനഗരമെന്നപോലെ സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയർന്ന ജനസാന്ദ്രതയും രോഗവ്യാപന സാധ്യത ഉയർത്തുന്നു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നുനിൽക്കാൻ കാരണവും ഇതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽപ്പേർ പരിശോധനയ്ക്ക് വിധേയരാകുന്നത് മറ്റൊരു കാരണമാണ്.
രോഗമുക്തരാവുന്നവരുടെ നിരക്ക് ഇപ്പോൾ 91.54 ശതമാനമാണ്. മരണനിരക്ക് 0.41 ശതമാനത്തിൽ നിർത്താനാകുന്നുണ്ട്. ദേശീയതലത്തിൽ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേർ മരിച്ചപ്പോൾ കേരളത്തിൽ 3565 പേർക്കാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്ര (50,684), കർണാടക (12,190), തമിഴ്‌നാട് (12,307), ഡൽഹി (10,789), പശ്ചിമബംഗാൾ (10,097) സംസ്ഥാനങ്ങളിലാണ് കൂടുതൽപ്പേർ മരിച്ചത്.
പ്രതിദിന രോഗികളുടെ എണ്ണം
തീയതി കേരളം മഹാരാഷ്ട്ര
ജനുവരി 17 5005 3081
ജനുവരി 18 3346 1924
ജനുവരി 19 6186 2294
ജനുവരി 20 6815 3015
ജനുവരി 21 6334 2886
ജനുവരി 22 6753 2779
ദിവസം അഞ്ചു കേസ് പിടിക്കണം; സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് പിടിപ്പത് പണി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദിവസവും അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്യണമെന്ന് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് അനൗദ്യോഗിക നിർദേശം. കൂടാതെ സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ ജോലി, തുടർച്ചയായി ഒരേ ജീവനക്കാർക്ക് തന്നെ നൽകുന്നതായും പരാതി. ഓഫീസ് ജോലികൂടി ചെയ്യേണ്ടതിനാൽ വിശ്രമവും അവധിയും ഇല്ലാതെ പൊതുജനത്തിന്റെകൂടി എതിർപ്പ് നേരിടേണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്തെ സെക്ടറൽ മജിസ്‌ട്രേറ്റുമാർ.
കളക്ടർമാർ തദ്ദേശസ്വയംഭരണ പരിധിയിലേക്കായി വിവിധ വകുപ്പുകളിൽ നിന്നും നിയമിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
Content Highlight: Covid: Kerala is number one in daily cases