കൊല്ലം: സംസ്ഥാനത്ത് പനിലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കുമ്പോൾ 60 മുതൽ 62 ശതമാനംവരെ പേർക്ക് കോവിഡ് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർക്കെല്ലാം വൈറൽ പനിയാണെന്ന് വ്യക്തമായി. പലതരം വൈറൽ പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എന്നിവ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. എല്ലാജില്ലകളിലും എലിപ്പനി കേസുകൾ കൂടിവരികയാണ്.

അനാഥാലയങ്ങൾ, മറുനാടൻ തൊഴിലാളികളുടെ ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിലെ പനി ലക്ഷണമുള്ളവരെ പരിശോധിച്ചപ്പോൾ 100 ശതമാനത്തിനു കോവിഡ് നെഗറ്റീവായിട്ടുണ്ട്. കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യമാസങ്ങളിൽ 98-99 ശതമാനം പനി ലക്ഷണമുള്ളവർക്കും സ്രവപരിശോധനയിൽ കോവിഡ് പോസിറ്റീവാകുമായിരുന്നു. അന്ന് നെഗറ്റീവാകുന്നവരെയും നിരീക്ഷിക്കാനായിരുന്നു നിർദേശം.

സ്രവപരിശോധനയിൽ കോവിഡ് നെഗറ്റീവായ പനി ലക്ഷണം ഉള്ളവർക്ക് ഡെങ്കി, എലിപ്പനി, എച്ച്‌ വൺ എൻ വൺ തുടങ്ങിയവയ്ക്കുള്ള പരിശോധനയാണ് ഇപ്പോൾ നടത്തുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്ന സാഹചര്യത്തിൽ എലിപ്പനിയുടെ കാര്യത്തിൽ ജാഗ്രത കാട്ടണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.