കൃഷ്ണേന്ദു
കൃഷ്ണേന്ദു

മുള്ളരിങ്ങാട്(ഇടുക്കി): കോവിഡ് ശ്വാസം മുട്ടിച്ചപ്പോഴും കൃഷ്ണേന്ദു തന്റെ കൺമണികളെ അമ്മകരുതലിൽ സുരക്ഷിതരാക്കി. ഒടുവിൽ അതിനുകീഴടങ്ങി യാത്രയാകുംമുൻപ് ഇരട്ടക്കുട്ടികൾക്ക് സുരക്ഷിതമായി ജന്മവും നൽകി. മുള്ളരിങ്ങാട് കിഴക്കേക്കരയിൽ സിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24)വാണ് കോവിഡ് ബാധിച്ച് മരിക്കുംമുൻപ് ഇരട്ടക്കുട്ടികൾക്ക് ജന്മമേകിയത്. വെള്ളിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പ്രസവം.

ശനിയാഴ്ച അതേ ആശുപത്രിയിൽവെച്ച് ലോകത്തോട് വിടപറഞ്ഞു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കൃഷ്ണേന്ദുവിനെ വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും. ഇവിടെവെച്ചാണ് കോവിഡാണെന്ന് തിരിച്ചറിയുന്നത്. ന്യൂമോണിയ ഗുരുതരമായി ബാധിച്ചെന്ന് മനസ്സിലായി.

എത്രയുംവേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കിൽ അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമാർ വെള്ളിയാഴ്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒൻപതുമാസം പ്രായമുള്ള ഇരട്ട പെൺകുട്ടികളെ പുറത്തെടുത്തു. ഇരുവരെയും വെന്റിലേറ്ററിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കൃഷ്ണേന്ദു മരിച്ചു.

സിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം കഴിഞ്ഞിട്ട് ഒരുവർഷം തികയുന്നതേയുള്ളൂ. ഒക്ടോബർ പത്തിനായിരുന്നു പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് മുള്ളരിങ്ങാട് സംസ്കാരം നടത്തി.