കോട്ടയം: കോവിഡ് കാലത്ത് കേരളത്തിന്റെ തൊഴിലില്ലായ്മയിലും വർധന. കോവിഡ് കാലത്തിന് മുമ്പ് കേരളത്തിന്റെ തൊഴിലില്ലായ്മനിരക്ക് 16.3 ശതമാനമായിരുന്നു. 2020 ജൂണിലെ കണക്കുപ്രകാരം ഇത് 27.3 ശതമാനമായി ഉയർന്നു.ദേശീയതലത്തിൽ ഇവ യഥാക്രമം 9.1 ശതമാനവും 20.8 ശതമാനവുമാണ്.

കേന്ദ്രസർക്കാരിന്റെ സ്റ്റാറ്റിറ്റിക്‌സ് ആൻഡ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ തൊഴിൽ സർവേപ്രകാരം കണ്ടെത്തിയ കണക്കാണിത്. പ്രവാസികളുടെ മടങ്ങിവരവാണ് ഇതിൽ പ്രധാനം.സ്വയം തൊഴിൽ ചെയ്തിരുന്നവരുടെ തൊഴിൽ പോയത്, പിരിച്ചുവിടൽ എന്നിവയെല്ലാമാണ്‌ കേരളത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ.

ഒരു വർഷത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. 2020 മാർച്ചിൽ എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്തിരുന്നവർ 34.24 ലക്ഷം പേരാണ്. 2021 മേയ് 31-ലെ കണക്കുപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 37.21 ലക്ഷമായി.

ഇതേ വരെ കോവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസിമലയാളികൾ 8.43 ലക്ഷമാണ്. ഇതിൽ 5.52 ലക്ഷത്തിനും തൊഴിൽ നഷ്ടമായിയെന്നാണ് വിലയിരുത്തൽ. ഇവർക്ക് തൊഴിൽ ലഭിക്കേണ്ടതുണ്ട്. ഇവരിലൂടെ നാടിന് ലഭിച്ചിരുന്ന വലിയ സാമ്പത്തിക പിന്തുണയും ഇല്ലാതായിട്ടുണ്ട്. 2018-ൽ ഏകദേശം 85,000 കോടി രൂപയാണ് മലയാളികൾ നാട്ടിലെത്തിച്ചത്. ഇത് ഒാരോ വർഷവും മുന്നേറി വരുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയുണ്ടായത്.

മടങ്ങിവന്ന പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ സർക്കാർ ചെയ്യുന്നുണ്ട്. തൊഴിൽ ദാതാക്കളെയും തൊഴിൽ ആവശ്യമുള്ളവരെയും ബന്ധിപ്പിക്കാൻ നോർക്ക് സ്‌കിൽ റിപ്പോസിറ്ററി പോർട്ടൽ പ്രവർത്തിക്കുന്നുണ്ട്. സ്വയം തൊഴിൽ സംരംഭങ്ങൾക്ക് ഉദാരവായ്പകളും നൽകുമെന്ന് പറഞ്ഞിട്ടുണ്ട്.

കേരളത്തിൽ തന്നെ ജോലിചെയ്യുന്ന 127 ലക്ഷം തൊഴിലാളികളിൽ 48.10 ലക്ഷം പേർ സ്വയം തൊഴിലിലൂടെ തന്നെ ജീവിക്കുന്നവരാണ്. 35.2 ലക്ഷം പേർ താത്കാലിക തൊഴിലാളികളാണ്.ഇരു കൂട്ടരിലും അടച്ചിടൽ കാലത്ത് വ്യാപകമായി തൊഴിൽ നഷ്ടമുണ്ടായെന്ന് ഇതേക്കുറിച്ചുള്ള സർക്കാർ പഠനം കണ്ടെത്തിയിരുന്നു. 350 കോടി രൂപയാണ് ഇവരുടെ ആദ്യ അടച്ചിടൽകാലത്തെ വേതനനഷ്ടം. കേരളത്തിൽ 22.1 ശതമാനം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഇല്ലെന്നുള്ളതും പ്രയാസം വർധിപ്പിക്കുന്നതാണ്.

രോഗത്തിന്റെ അവസ്ഥ പ്രധാനം

കോവിഡിന്റെ ഇനിയുള്ള തരംഗങ്ങളാണ് കേരളത്തിലും പുറത്തും തൊഴിൽ രംഗത്തും നിർണായകമാവുക. ഇതിൽ പ്രധാനം പ്രവാസികൾക്കുള്ള തൊഴിലാണ്.അവർക്ക് നാട്ടിൽ മികച്ച അവസരം കിട്ടണമെങ്കിലും രോഗകാലം മാറി മികച്ച അന്തരീക്ഷം ഉണ്ടാകണം.അവർ ജോലിചെയ്തിരുന്ന ഇടത്തും സമാനമായ സ്ഥിതിയാണല്ലോ. അവിടെ പ്രയാസങ്ങൾ മാറിയാൽ ആഗ്രഹിക്കുന്ന കുറേയേറെപ്പേർക്ക് മടങ്ങാനാകും. നിലവിൽ വിദേശത്ത് ജോലിചെയ്യുന്നവർ വളരെ ചുരുക്കിചെലവുചെയ്ത് ജീവിക്കുന്നു എന്നാണ് എന്നോട് പറഞ്ഞത്. സമീപവർഷങ്ങൾ തൊഴിൽരംഗത്ത് അനിശ്ചിതാവസ്ഥയുള്ള നിലയിലാകും. -പീലിപ്പോസ് തോമസ്, ചെയർമാൻ കെ.എസ്.എഫ്.ഇ.

content highlights: covid impact: unemployment rate in kerala far higher than national average