തിരുവനന്തപുരം: കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാര വിതരണം ഉടൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണക്കണക്കിൽ ആർക്കും ആശങ്ക വേണ്ടാ. കോവിഡ് മരണങ്ങൾ കണക്കാക്കാനുള്ള മാനദണ്ഡങ്ങളിൽ ഇപ്പോൾ മാറ്റംവന്നിട്ടുണ്ട്. അതനുസരിച്ച് മരണപ്പട്ടിക ഇവിടെയും പുതുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ മരണങ്ങളും ഓൺലൈനായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ഇതെല്ലാം ഓൺലൈനായിത്തന്നെ പുതുക്കാം. ജില്ലാ അടിസ്ഥാനത്തിൽ ഇതിനുള്ള ക്രമീകരണമൊരുക്കും. പരാതിയുണ്ടെങ്കിൽ ആ ഘട്ടത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കും. കേന്ദ്രം നിശ്ചയിക്കുന്ന രീതിയിലും നിരക്കിലുമായിരിക്കും നഷ്ടപരിഹാരം നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോക്കുകൂലി സാമൂഹിക വിരുദ്ധം -മുഖ്യമന്ത്രി

സംഘടിത തൊഴിലാളി യൂണിയനുകളൊന്നും നോക്കുകൂലിയെ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് അവർ ആവർത്തിച്ച് പ്രഖ്യാപിച്ചതാണ്. ഏതെങ്കിലും കൂട്ടർ സംഘടനയുടെ പേരുപറഞ്ഞ് നോക്കുകൂലിക്കായി ഇറങ്ങിപ്പുറപ്പെട്ടാൽ അത് ആ സംഘടനയുടെ നിലപാടായി കാണേണ്ടാ. ഒരുതരം സാമൂഹികവിരുദ്ധ പ്രവർത്തനമാണ് ഇക്കൂട്ടരുടേത്. ഇതിനെതിരേ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.