തിരുവനന്തപുരം: കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച കേന്ദ്രനിർദേശം ലഭിക്കുന്നമുറയ്ക്ക് സംസ്ഥാനവും മാർഗരേഖ പുതുക്കും. കഴിഞ്ഞവർഷം മുതലുള്ള മരണങ്ങൾ ഇത്തരത്തിൽ പുനഃപരിശോധിക്കേണ്ടിവന്നാൽ മരണക്കണക്കിൽ വൻവർധനയുണ്ടാകുമെന്നാണ് കരുതുന്നത്.

കോവിഡ് പോസിറ്റീവ് ആയി ഒരുമാസത്തിനകം മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കാമെന്നാണ് പുതിയ മാർഗനിർദേശം. ഇതോടെ, മരണകാരണം നിശ്ചയിച്ചതു സംബന്ധിച്ച പരാതികളുണ്ടായാൽ അവകൂടി പരിശോധിച്ച് നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന. ബന്ധുക്കൾക്ക് പ്രത്യേക ചോദ്യാവലി നൽകി വിശദീകരണം കേട്ടും ആശുപത്രിരേഖകൾ പരിശോധിച്ചും ഇത്തരം പരാതികളിൽ തീരുമാനമെടുക്കാനാവുമെന്നാണ് കരുതുന്നത്.

രോഗം ബാധിച്ച്‌ രണ്ടാഴ്ചയ്ക്കുശേഷം പരിശോധനയിൽ നെഗറ്റീവ് ആയ ആരോഗ്യപ്രവർത്തകർ അടക്കം ഒട്ടേറെപ്പേർ കുഴഞ്ഞുവീണും മറ്റും മരിച്ചിട്ടുണ്ട്. എന്നാൽ, ആശുപത്രിയിൽ ചികിത്സയിലല്ലാത്തതിനാലും മരണസമയത്ത് അവർ കോവിഡ് പോസിറ്റീവ് അല്ലാത്തതിനാലും കോവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരാതിയുണ്ടായാൽ ഇത്തരം മരണങ്ങളെല്ലാം പുനഃപരിശോധിക്കേണ്ടിവരും. കോവിഡ് ബാധിച്ചിരുന്നുവെങ്കിലും രോഗിക്കുണ്ടായിരുന്ന മറ്റു ഗുരുതര രോഗങ്ങളാണ് മരണകാരണമെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്തരം മരണങ്ങൾ ആരോഗ്യവകുപ്പ് കോവിഡ് പട്ടികയിൽനിന്നൊഴിവാക്കിയിരുന്നത്. കോവിഡ് മരണങ്ങളിൽ 95 ശതമാനവും പോസിറ്റീവ് ആയി 25 ദിവസത്തിനകമാണെന്ന് മെഡിക്കൽ ഗവേഷണ കൗൺസിൽ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ജൂലായ് മാസം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. അന്ന് പതിനാറായിരത്തിലധികമായിരുന്നു ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരമുള്ള കോവിഡ് മരണം. ഇൻഫർമേഷൻ കേരളയുടെ കണക്കുകളനുസരിച്ച് ആകെ മരണം 23,486-ഉം.

2020 മാർച്ച് 28-നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞദിവസംവരെയുള്ള മരണം 22,551 ആയി ഉയർന്നിട്ടുണ്ട്.