തിരുവനന്തപുരം: കോവിഡ് നിയന്ത്രണലംഘനങ്ങൾ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കാൻ ബുധനാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോർകമ്മിറ്റി യോഗം തീരുമാനിച്ചു. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മുഖാവരണം ധരിക്കുന്നെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കും.

മറ്റുസംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്ക് ഒരാഴ്ച നിരീക്ഷണം വേണമെന്ന നിലപാട് കർശനമാക്കും. പരിശോധനകളുടെ എണ്ണം കൂട്ടും. പോളിങ് ഏജന്റുമാരടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർക്ക്‌ കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗമില്ലെന്ന്‌ കണ്ടെത്തിയാലും ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയണം. വാക്സിനേഷൻ വ്യാപിപ്പിക്കും.

വിജയ് സാഖറെ നോഡൽ ഓഫീസർ

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി. നിർദേശങ്ങൾ നടപ്പാക്കാനുള്ള നോഡൽ ഓഫീസറായി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വിജയ് സാഖറെയെ നിയോഗിച്ചു.

പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

വ്യാഴാഴ്ച ആരംഭിക്കുന്ന 10, 12 ക്ലാസ് പരീക്ഷകളുടെ നടത്തിപ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. വിദ്യാർഥികൾ മുഖാവരണവും സാനിറ്റൈസറും ഉപയോഗിക്കണം. ശരീരോഷ്മാവ് അളക്കാനുള്ള സംവിധാനങ്ങൾ പരീക്ഷാകേന്ദ്രത്തിലൊരുക്കും.

ക്ലാസ് മുറികളിൽ പേന, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ കൈമാറ്റംചെയ്യാൻ അനുവദിക്കില്ല. കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ പരീക്ഷ എഴുതുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വിദ്യാർഥിയും ഇൻവിജിലേറ്ററും പി.പി.ഇ. കിറ്റ് ധരിക്കുകയും വേണം. ക്വാറന്റീനിലുള്ളവർക്ക് സാനിറ്റൈസ്ഡ് കോറിഡോർ ഒരുക്കും. വിദ്യാർഥികളെ കൂട്ടംകൂടാൻ അനുവദിക്കില്ല.

പരീക്ഷാകേന്ദ്രത്തിന്റെ പ്രവേശനകവാടത്തിലും ക്ലാസ് മുറികൾക്കുമുന്നിലും വിദ്യാർഥികൾക്ക് കൈകഴുകാൻ സോപ്പും വെള്ളവും ഒരുക്കണം. ശീതീകരിച്ച മുറികളിൽ പരീക്ഷ നടത്തരുത്. വായുസഞ്ചാരമുള്ള മുറികളാവണം പരീക്ഷയ്ക്ക് ഉപയോഗിക്കാൻ.

3502 പേർക്കുകൂടി കോവിഡ്

ബുധനാഴ്ച 3502 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 60,554 സാമ്പിളുകൾ പരിശോധിച്ചു. 5.78 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 1955 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 31,493 ആയി. 16 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 4710 ആയി. ബുധനാഴ്ച കൂടുതൽ രോഗികൾ കോഴിക്കോട്ടും(550), കുറവ് വയനാട്ടിലുമാണ്(82).