തിരുവനന്തപുരം: കോവിഡ് വ്യാപനം ഇങ്ങനെ തുടരുകയും മൂന്നാംതരംഗം വരുകയും ചെയ്താൽ കേരളത്തിന് വാക്സിൻ വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയുണ്ടാകാമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. അതിനാൽ ബജറ്റിൽ വാക്സിൻ വാങ്ങാൻ നീക്കിവെച്ച ആയിരംകോടി അതിനായിത്തന്നെ നിലനിർത്തുകയാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

കേന്ദ്രം സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ ആ ആയിരം കോടി എങ്ങനെ വിനിയോഗിക്കണമെന്ന് സഭയെ അറിയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് മന്ത്രി മറുപടി നൽകിയത്. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ ക്രമപ്രശ്നം തള്ളി.

നിയമസഭാ സമിതികളുടെ മുന്നിൽ 1991 മുതലുള്ള പരാതികൾ കെട്ടിക്കിടക്കുന്നതിനെക്കുറിച്ചും വിഷ്ണുനാഥ് ക്രമപ്രശ്നം ഉന്നയിച്ചു. വകുപ്പുകളുടെ നിസ്സഹകരണം മൂലമാണിത്. നിയമസഭാ സമിതികൾക്കു മുന്നിലുള്ള ഫയലുകൾ ഒന്നല്ല, അനേകംപേരുടെ ജീവിതമാണെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഈ സഭയുടെ കാലത്ത് ഫയലുകൾ തീർപ്പാക്കാൻ സാഹചര്യമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.