തിരുവനന്തപുരം: പതിനെട്ടിനും 45-നും ഇടയിലുള്ളവർക്കായി സംസ്ഥാനം വാങ്ങിയ വാക്സിൻ സ്റ്റോക്കുണ്ടായിട്ടും വിതരണം വ്യാപകമാക്കുന്നില്ലെന്ന് ആക്ഷേപം. നിലവിൽ മുൻഗണനാവിഭാഗങ്ങളെ നിശ്ചയിച്ചാണ് വിതരണമെങ്കിലും രജിസ്‌ട്രേഷന് ബുദ്ധിമുട്ടാണ്.

45 വയസ്സിൽ താഴെയുള്ളവർക്ക് നൽകാനായി വാങ്ങിയതിൽ 6,58,950 ഡോസ് തിങ്കളാഴ്ച ഉച്ചവരെ സ്റ്റോക്കുണ്ടായിരുന്നു. ഇത്രയും സ്റ്റോക്ക് നിലനിൽക്കേ മെയ് 31-ന് 60,704 ഡോസും ജൂൺ ഒന്നിന് 68,900 ഡോസും വിതരണംചെയ്തിട്ടുണ്ട്. ബുധനാഴ്ച രണ്ടുവരെ 5617 പേർക്കും മരുന്നു നൽകിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഈ കണക്കുകളനുസരിച്ച് 5.23 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്.

കോവിഡ് രണ്ടാം തരംഗത്തിന്റെ ഗ്രാഫ് താണുതുടങ്ങിയെങ്കിലും മൂന്നാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യം. മൂന്നാം തരംഗം ചെറുക്കാനുള്ള പ്രധാന പോംവഴിയായി പരമാവധിപേർക്ക് ആദ്യഡോസ് മരുന്നെങ്കിലും നൽകണമെന്നാണ് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നത്. ജൂൺമധ്യത്തോടെ കൂടുതൽ ഡോസ് എത്തുമെന്ന് സർക്കാരിന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിൽ പരമാവധിപേരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും അവർ പറയുന്നു.

എന്നാൽ, 18-45 പ്രായക്കാരായ കൂടുതൽപേർക്ക് മരുന്നുനൽകാനോ മുൻഗണനാവിഭാഗങ്ങളിൽ കൂടുതൽപേരെ ഉൾപ്പെടുത്തി വിതരണം വിപുലപ്പെടുത്താനോ നടപടികൾ സ്വീകരിക്കുന്നില്ല. 1,00,237 ഡോസാണ് ഈ വിഭാഗത്തിലുള്ളവർക്കായി ബുധനാഴ്ച ഉച്ചവരെ വിതരണം ചെയ്തത്.

ബുധനാഴ്ച ഉച്ചവരെ ആകെ 96,42,277 ഡോസ് വാക്സിൻ സംസ്ഥാനത്ത് വിതരണംചെയ്തു. ഇതിൽ 75,44,092 ആദ്യ ഡോസും 20,98,185 രണ്ടാം ഡോസുമാണ് വിതരണം ചെയ്തത്. 45-നും 60-നും ഇടയിലുള്ളവർക്കായി 30,20,995 ഡോസും 60-ന് മേലുള്ളവർക്കായി 35,16,329 ഡോസുമാണ് നൽകിയത്.

ഉയരുന്ന മരണസംഖ്യ

കഴിഞ്ഞദിവസംവരെ സംസ്ഥാനത്തെ കോവിഡ് മരണം 9009 ആണ്. ഇതിൽ 6584 പേരും അറുപതിനുമുകളിലുള്ളവരായിരുന്നു. 41-നും 59-നും ഇടയിലുള്ള 2048 പേർക്കും 18-നും 40-നും ഇടയിലുള്ള 363 പേർക്കും ജീവൻ നഷ്ടമായി. 17-ൽ താഴെയുള്ള 14 കുട്ടികളുടെ ജീവനും കോവിഡ് കവർന്നു. സംസ്ഥാനതലത്തിൽ മരണനിരക്ക് 0.35 ശതമാനത്തിൽ പിടിച്ചുനിർത്താനായെന്നാണ് സർക്കാർ പറയുന്നത്.