കൊച്ചി : രണ്ടാംഘട്ട വിതരണത്തിന്റെ ഭാഗമായി കോവിഡ് വാക്സിൻ ജനങ്ങളിലേക്കെത്തുമ്പോൾ ആശയങ്കയകറ്റാൻ കൗൺസലർമാരുടെ സഹായവും തേടും. രണ്ടാംഘട്ടത്തിൽ അറുപതുവയസ്സ് പിന്നിട്ടവർക്കും 45മുതൽ 59വരെ വയസ്സുള്ള മറ്റുരോഗങ്ങളുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്. ഇവരിൽ 55 ശതമാനംപേരും ജീവിതശൈലീരോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണ്. വാക്സിൻ വിതരണത്തിനു മുന്നോടിയായിത്തന്നെ ആരോഗ്യവകുപ്പിന് വയോജനങ്ങളിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ മാനസികസമ്മർദം കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നത്.

പരിഷ്കരിച്ച കോവിൻ ആപ്പ് വഴി മുൻകൂർ രജിസ്റ്റർചെയ്തവർക്കുപുറമേ ഓൺ സൈറ്റ് രജിസ്ട്രേഷനുമുണ്ട്. വാക്സിൻകേന്ദ്രങ്ങളിൽ സംശയനിവാരണത്തിനായി ഹെൽപ്പ് ഡെസ്ക് ഒരുക്കും. ഇവിടെ കൗൺസലർമാരുടെ സേവനമുണ്ടാവും. ആപ്പ് വഴി മാർച്ച് ഒന്നിന് രണ്ടാംഘട്ട രജിസ്ട്രേഷൻ ആരംഭിക്കും. സ്വകാര്യ ആശുപത്രികളിലും കൗൺസലിങ് ഹെൽപ്പ് ഡെസ്ക് സൗകര്യം ഏർപ്പെടുത്തും.

ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞാലും വയോജനങ്ങൾക്ക് റിവേഴ്സ് ക്വാറന്റീൻ നിർബന്ധമാണ്. ഇതുവരെ സ്വീകരിച്ച കോവിഡ് പ്രതിരോധ മുൻകരുതലുകൾ തുടരുകയുംവേണം. ഇക്കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നൽകും.

Content Highlights: COVID-19 vaccination for senior citizens