തിരൂർ: കുത്തിവെപ്പിന്റെ കുഞ്ഞുവേദനമാറും മുമ്പെ, സമ്മാനപ്പൊതിയുടെ സന്തോഷം അവരുടെ മുഖത്തുവിടർന്നു. കോവിഡ് പ്രതിരോധ വാക്സിനെടുക്കാനെത്തിയ ആദിവാസികൾക്ക് ആരോഗ്യപ്രവർത്തകർ സമ്മാനമായി നൽകിയത് ഓരോ ജോഡി പുതുവസ്ത്രം. അഞ്ചു ക്യാമ്പുകളിലായെത്തിയ 130 പേർക്കും പുതുവസ്ത്രം സമ്മാനംനൽകിയാണ് ആരോഗ്യപ്രവർത്തകർ അവരെ മടക്കിയയച്ചത്.

നിലമ്പൂർ കരുളായി വനംറേഞ്ചിലെ മാഞ്ചീരി ആദിവാസി കോളനിയിലെ ചോലനായ്ക്കർക്കും പുലിമുണ്ട ആദിവാസി കോളനിയിലെ കാട്ടുനായ്ക്കർക്കുമാണു കോവിഡ് വാക്സിൻ നൽകിയത്. ഒപ്പം ആരോഗ്യപരിശോധനയും നടത്തി. വാക്സിൻ സ്വീകരിക്കാൻപോകാൻ വിമുഖത കാട്ടിയ ആദിവാസികൾ, അതിനുകാരണമായി നല്ല വസ്ത്രമില്ലെന്നു പരാതി പറഞ്ഞിരുന്നു. ഇതോടെയാണ് പുതുവസ്ത്രം സമ്മാനമായി നൽകാൻ ആരോഗ്യപ്രവർത്തകർ തീരുമാനിച്ചത്.

മൊബൈൽ ഡിസ്പെൻസറി മെഡിക്കൽ ഓഫീസറും കെ.ജി.എം.ഒ.എ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ അശ്വതി സോമനോടാണ് ആദിവാസികൾ പരാതിപറഞ്ഞത്. തുടർന്ന് കെ.ജി.എം.ഒ.എ. ഇവർക്കു വാക്സിനൊപ്പം പുതുവസ്ത്രംനൽകാനും തീരുമാനിച്ചു. കെ.ജി.എം.ഒ.എയുടെ സജീവ പ്രവർത്തകനായിരുന്ന ഡോ. സത്യനാരായണന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായാണ് പുതുവസ്ത്ര വിതരണം നടത്തിയത്.

പുതുവസ്ത്രവിതരണം കെ.ജി.എം.ഒ.എ. ജില്ലാപ്രസിഡന്റ് ഡോ. കെ.പി. മൊയ്തീൻ ഉദ്ഘാടനംചെയ്തു. ഡോ. അശ്വതി സോമൻ, കരുളായി മെഡിക്കൽ ഓഫീസർ ഡോ. ചാച്ചി, കെ.ജി.എം.ഒ.എ. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഡോ. ഹംസ പാലയ്ക്കൽ, ഡോ. മുരളീധരൻ എന്നിവർ പങ്കെടുത്തു.