തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) ഉയർന്നനിലയിൽ തുടരുന്നത് ആശങ്കാജനകമാണെന്നും ഇത് താഴ്ത്താൻ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാനസർക്കാരിനോട് കേന്ദ്രസംഘത്തിന്റെ നിർദേശം.

ക്ലസ്റ്റർ, കൺടെയിൻമെന്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. സമ്പർക്കപ്പട്ടിക കണ്ടെത്തുന്നത് ശക്തമാക്കുന്നതിനു പുറമേ, സംസ്ഥാനത്ത് വാക്സിനെടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാനും നിർദേശം നൽകി. വാക്സിനേഷൻ പൂർത്തിയായ ആരോഗ്യപ്രവർത്തകരിൽ അടക്കം രോഗബാധ തുടരുന്നതും തീവ്രവ്യാപന ശേഷിയുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതും കണക്കിലെടുത്താണ് നിർദേശം.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻ.സി.ഡി.സി.) ഡയറക്ടർ ഡോ. എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ കൂടിയ ജില്ലകൾ സന്ദർശിച്ചിരുന്നു. ഒാരോ ജില്ലയിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം തിങ്കളാഴ്ച തലസ്ഥാനത്തെത്തിയത്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി.