തിരുവനന്തപുരം: കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക് കൂടുതലായ അഞ്ചു ജില്ലകളിൽ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകി.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നാണ്‌ പോലീസ് മേധാവി വ്യക്തമാക്കിയത്‌.

നിയന്ത്രണങ്ങൾ കർശനമാക്കാൻ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അടിയന്തരഘട്ടങ്ങളിലല്ലാതെ രാത്രിയാത്ര അനുവദിക്കില്ല. പൊതുഗതാഗതസംവിധാനങ്ങൾ, ചരക്കുവാഹനങ്ങൾ, എമർജൻസി വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമില്ല. അടിയന്തരസാഹചര്യങ്ങളിൽ പുറത്തിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെയും മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ അനുവദിക്കും.

രാത്രിനിയന്ത്രണം കർശനമാക്കാൻ കൂടുതൽ പോലീസ് പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള സ്പെഷ്യൽ യൂണിറ്റുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. രാത്രി ഏഴുവരെമാത്രം പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ അതിനപ്പുറം പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകും.

ഓട്ടോറിക്ഷകളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേരെയേ അനുവദിക്കൂ. ടാക്സികളിൽ ഡ്രൈവറെ കൂടാതെ മൂന്നുപേരെ അനുവദിക്കും. കുടുംബങ്ങൾ യാത്രചെയ്യുമ്പോൾ ഇളവുണ്ടാകും.