തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, മറ്റ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനംവരെ ഉദ്യോഗസ്ഥർമാത്രം ജോലിക്കെത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥർ വന്നാൽ മതി. ഡി-യിൽ അവശ്യസർവീസുകൾ മാത്രമേയുണ്ടാവൂ.

എ, ബി, പ്രദേശങ്ങളിൽ ബാക്കിയുള്ള 50 ശതമാനം ഉദ്യോഗസ്ഥരും സി-യിലെ ബാക്കിവരുന്ന 75 ശതമാനം ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ടാവണം. ഡി വിഭാഗത്തിലെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. എ, ബി കാറ്റഗറി പ്രദേശങ്ങളിൽ നേരത്തേ മുഴുവൻ ഉദ്യോഗസ്ഥർക്കും ഓഫീസുകളിൽ എത്തണമായിരുന്നു. സി-യിൽ 50 ശതമാനത്തിൽനിന്നാണ് 25 ശതമാനമാക്കി തീരുമാനിച്ചത്.