മംഗളൂരു/മഞ്ചേശ്വരം/ഇരിട്ടി: കോവിഡ് സാഹചര്യത്തിൽ കർണാടകയിലേക്ക് പ്രവേശിക്കുന്നതിനേർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തലപ്പാടി, മാക്കൂട്ടം അതിർത്തി ചെക്‌പോസ്റ്റുകളിൽ കേരളത്തിൽനിന്നുള്ള നൂറുകണക്കിന് യാത്രാ, ചരക്ക് വാഹനങ്ങൾ കർണാടക അധികൃതർ തടഞ്ഞു. 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെയെത്തിയ യാത്രക്കാരെ അതിർത്തി കടക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു. വിദ്യാർഥികൾക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. റോഡുകൾ തടഞ്ഞ് സംസ്ഥാനങ്ങൾ തമ്മിലുള്ള ഗതാഗതം മുടക്കരുതെന്ന കേന്ദ്രനിർദേശത്തിന് വിരുദ്ധമായാണ് വാഹനങ്ങൾ തടഞ്ഞത്.

യാത്ര മുടങ്ങിയതോടെ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിൽ രാവിലെ 11-ഒാടെ നാട്ടുകാർ പ്രതിഷേധിച്ചു. അതിർത്തി കടന്ന് പ്രതിഷേധിച്ചയാളെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഉച്ചയോടെ നാട്ടുകാർ റോഡ് ഉപരോധവും നടത്തി കർണാടകയിൽനിന്ന്‌ കേരളത്തിലേക്കുള്ള വാഹനങ്ങൾ തടഞ്ഞു. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പിന്നീട് വാഹനങ്ങൾ കടത്തിവിട്ടു. ഉപരോധിച്ചവരെ കസ്റ്റഡിയിലെടുക്കുകയും 15 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

കേരളത്തിന്റെഭാഗത്തുനിന്ന്‌ പ്രതിഷേധമുണ്ടായെങ്കിലും അധികൃതർ പരിശോധന തുടർന്നു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര, സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർമാരായ ഹരിറാം ശങ്കർ, ദിനേഷ് കുമാർ എന്നിവർ തലപ്പാടി ചെക്‌പോസ്റ്റിലെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

മാക്കൂട്ടത്ത് റോഡ് ഭാഗികമായി അടച്ച്‌ പരിശോധനയ്ക്ക് പോലീസിനെ നിയോഗിച്ചു. 24 മണിക്കൂറും ചെക്‌പോസ്റ്റിൽ പരിശോധനാസംവിധാനം ഏർപ്പെടുത്തി. ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾ ഏഴുദിവസത്തിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. നേരത്തേ 14 ദിവസത്തിനുള്ളിലെ സർട്ടിഫിക്കറ്റ് മതിയായിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും പ്രവേശനാനുമതി നിഷേധിച്ചു.

കർണാടക അധികൃതർ തലപ്പാടി അതിർത്തിയിൽ സ്ഥാപിച്ച കോവിഡ് പരിശോധനാകേന്ദ്രം ഇതിനിടെ അടച്ചു. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവരെ ഇവിടെ പരിശോധിച്ചിരുന്നു. പ്രതിഷേധം നടക്കുന്നതിനിടെ അതിർത്തിയിൽ കേരള ഭാഗത്തുള്ള മൺറോഡിൽ മണ്ണുമാന്തി ഉപയോഗിച്ച് കാനകീറി വാഹനഗതാഗതം മുടക്കാൻ കൊട്ടേക്കാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ ശ്രമിച്ചത് പ്രതിഷേധക്കാർ തടഞ്ഞു. വരുംദിവസങ്ങളിലും കർണാടക അതിർത്തിയിൽ നിയന്ത്രണം തുടരുമെന്നാണ് സൂചന.

തലപ്പാടിയിൽ മൊബൈൽ പരിശോധനാ യൂണിറ്റ്

കാസർകോട്: തലപ്പാടിയിൽ കോവിഡ് പരിശോധനയ്ക്ക് ചൊവ്വാഴ്ച മുതൽ മൊബൈൽ പരിശോധനാ യൂണിറ്റ് ഏർപ്പെടുത്തുമെന്ന് കളക്ടർ സ്വാഗത് ആർ.ഭണ്ഡാരി അറിയിച്ചു. പ്രശ്നത്തെക്കുറിച്ച് ദക്ഷിണ കന്നഡ കളക്ടറുമായി സംസാരിച്ചു. കർണാടകയിലെ മറ്റു ജില്ലകളെക്കാൾ ദക്ഷിണ കന്ന‍ഡയിൽ ടി.പി.ആർ. കൂടുതലായതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് അദ്ദേഹം അറിയിച്ചത്. അടിയന്തര ചികിത്സയ്ക്ക് മംഗളൂരുവിലേക്ക് പോകുന്നവർക്ക് പരിശോധനാ സർട്ടിഫിക്കറ്റ് വേണ്ടെന്ന് അദ്ദേഹം പറഞ്ഞതായി കളക്ടർ അറിയിച്ചു. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് ‘സ്പൈസു’മായി സഹകരിച്ചാണ് തലപ്പാടിയിൽ സംവിധാനമൊരുക്കുക.