കോന്നി(പത്തനംതിട്ട): ഭാഗികമായ ലോക്ഡൗണിന്റെ സാഹചര്യത്തിൽ സർവീസുകൾ നിർത്തിവെച്ചാൽ യാത്രക്കാർ കൈവിടുമോ എന്ന ആശങ്കയിൽ കെ.എസ്.ആർ.ടി.സി. അതിനാൽ വരുമാന നഷ്ടമുണ്ടെങ്കിലും വരും ദിവസങ്ങളിലും പരമാവധി സർവീസുകൾ തുടരാനാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എല്ലാ ഡിപ്പോകൾക്കും നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പുറത്തിറങ്ങാൻ നിയന്ത്രണമുണ്ടായിരുന്ന ശനി, ഞായർ ദിവസങ്ങളിൽ നഷ്ടം സഹിച്ചും കെ.എസ്.ആർ.ടി.സി. സർവീസുകൾ നടത്തി. ആകെ സർവീസുകളുടെ പകുതിയിലേറെ ശനിയാഴ്ച ഓടിച്ചു.

ഞായറാഴ്ച യാത്രക്കാർ കുറവായിരുന്നതിനാൽ നഷ്ടത്തിലാണ് സർവീസുകൾ നടത്തിയത്. കഴിഞ്ഞവർഷം ലോക്‌ഡൗണിനെ തുടർന്ന് ഏറെനാൾ കെ.എസ്.ആർ.ടി.സി. സർവീസുകൾ നടത്തിയില്ല. പിന്നീട്‌ പുനരാരംഭിച്ചപ്പോൾ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. സ്ഥിരം യാത്രക്കാരിൽ പലരും ഇരുചക്രവാഹനങ്ങളിലേക്കും സ്വകാര്യ കാറുകളിലേക്കും യാത്ര മാറ്റിയതോടെ വരുമാനത്തിൽ ഇടിവുണ്ടായി. കോവിഡ് ഭീതിയിൽ ബസ്‌യാത്ര ഉപേക്ഷിച്ചവർ വൈകിയാണ് അതിലേക്ക് തിരിച്ചെത്തിയത്.

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുൾപ്പെട്ട സൗത്ത് സോണിൽ ദിനംപ്രതി ഏഴു ലക്ഷം യാത്രക്കാർവരെയായി ഉയർന്നിരുന്നു. ഒരാഴ്ച മുൻപ് കോവിഡിന്റെ രണ്ടാം വരവ് വ്യാപകമായതോടെ ഈ സോണിൽ യാത്രക്കാർ അഞ്ചുലക്ഷമായി കുറഞ്ഞു. ശനിയാഴ്ച സൗത്ത് സോണിൽ 750 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്തത്. ഞായറാഴ്ച 500 സർവീസുകളും. സംസ്ഥാനത്ത് 3200 ബസുകളാണ്‌ ദിനംപ്രതി ഓടിക്കുന്നത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്ത് സർവീസ് നിർത്തിവച്ച പല നോൺ എ.സി. ലോഫ്ലോർ ബസുകളും ഓടാതെ കിടക്കുന്നു. മിനിമം ചാർജിന്റെ വർധനയും ഡീസൽ വിലവർധനയുമാണ് നോൺ എ.സി.ലോഫ്ലോർ സർവീസുകൾ അധികമായി ഒാടിക്കാത്തതിന് കാരണം. കെ.എസ്.ആർ.ടി.സി.ക്ക് മുൻകാലങ്ങളിൽ വരുമാന ഉയർച്ചയുണ്ടാവുന്ന ശബരിമല സീസണിലും ഇപ്പോൾ വരുമാനം ഇല്ലാത്ത അവസ്ഥയാണ്. ഷെഡ്യൂളുകൾ പരിമിതപ്പെടുത്തി എല്ലാ ഡിപ്പോകളിൽനിന്നും വരും ദിവസങ്ങളിൽ സർവീസുകൾ നടത്താനാണ് മാനേജ്‌മെന്റ് നിർദേശം. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് വിഭാഗം ബസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാനും തീരുമാനമുണ്ട്.

Content Highlights: Covid 19, lockdown, ksrtc