തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ, ‘ഹൈ റിസ്ക്’ രാജ്യങ്ങൾ അല്ലാത്ത, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളിൽനിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവർക്ക് വിമാനത്താവളത്തിൽ പരിശോധനയിൽ മുൻഗണനനൽകും.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളെ പരിശോധനയിൽനിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാൽ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിർദേശം പാലിച്ച് പുറത്തേക്കുപോകാം. പോസിറ്റീവ് ആണെങ്കിൽ സാംപിൾ തുടർപരിശോധനയ്ക്ക് അയക്കും. അവർ തുടർചികിത്സയ്ക്കും നിർദേശങ്ങൾക്കും വിധേയരാകണം.

ഏഴുദിവസത്തെ ക്വാറന്റീൻ നിർദേശിച്ചിട്ടുള്ളത് 12 വിഭാഗം രാജ്യങ്ങളിൽനിന്ന് (ഹൈ റിസ്ക് രാജ്യങ്ങൾ) നാട്ടിലെത്തുന്നവർക്കാണ്. യു.കെ. അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസീലൻഡ്, സിംബാബ്‌വേ, സിങ്കപ്പൂർ, ഹോങ്‌ കോങ്, ഇസ്രയേൽ എന്നിവയാണവ.

ഈ രാജ്യങ്ങളിൽനിന്നെത്തുന്ന എല്ലാവർക്കും വിമാനത്താവളത്തിൽ ആർ.ടി.പി.സി.ആർ. പരിശോധനയുണ്ടാകും. നെഗറ്റീവാണെങ്കിൽ ഏഴുദിവസം വീട്ടിൽ ക്വാറന്റീനു ശേഷം എട്ടാംദിവസം വീണ്ടും പരിശോധന നടത്തണം. എന്നിട്ടും നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ചകൂടി സ്വയം നിരീക്ഷണം നടത്തണം. പോസിറ്റീവ് ആയവരുടെ സാംപിൾ ജനിതക േശ്രണീകരണത്തിന് അയക്കും. ഇക്കൂട്ടരെ പ്രത്യേകം പാർപ്പിച്ച് ചികിത്സിക്കും.

ഒമിക്രോൺ ഇല്ലെന്നു കണ്ടെത്തിയാൽ ഡിസ്ചാർജ് ചെയ്യും. ഒമിക്രോൺ വകഭേദമെന്നു കണ്ടെത്തിയാൽ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് തുടർച്ചികിത്സ നൽകും.