തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിനായി ഹോമിയോ പ്രതിരോധ മരുന്ന് നൽകാനുള്ള നീക്കത്തിനെതിരേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ്-19 പ്രതിരോധത്തിനു ലോകത്തൊരിടത്തും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആഴ്‌സനിക് ആൽബം എന്ന മരുന്ന് നൽകാൻ തീരുമാനിച്ചത് ശാസ്ത്രസമൂഹത്തിലാകെ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയാസും സെക്രട്ടറി ഡോ. പി.ഗോപികുമാറും പറഞ്ഞു.

ലോകാരോഗ്യ സംഘടനയും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും ഇത്തരത്തിൽ കുട്ടികൾക്ക് ഒരു ചികിത്സയും നിർദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്ഡ് മരുന്നുകൾ, മോണോ ക്ലോണൽ ആന്റിബോഡികൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ തുടങ്ങി രോഗപ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്‌സിനുകൾ തുടങ്ങിയവ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഉപയോഗിക്കുന്നതാണ്.

അതിനു വിപരീതമായി കൊച്ചുകുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ പ്രതിരോധ ഗുളികകൾ എന്നപേരിൽ മരുന്നുകൾ നൽകുന്നത് ഗുരുതരമായ വീഴ്ചയായി കാണേണ്ടിവരും. ഇത്തരം ഒരു അബദ്ധജടിലമായ തീരുമാനം കേരളത്തെ ലോകത്തിനു മുന്നിൽ അപഹാസ്യമാക്കുമെന്നും അവർ പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി വിദ്യാർഥികൾക്ക് ഹോമിയോ പ്രതിരോധമരുന്ന് നൽകുന്ന കാര്യം ആലോചനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.