തിരുവനന്തപുരം: ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളും ഡ്രൈവിങ് പഠനവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച പുനരാരംഭിക്കും. ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി അവസാനിച്ചശേഷം പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കുള്ള ടെസ്റ്റുകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.

ലോക്ഡൗണിനുമുമ്പ് പരീക്ഷയ്ക്ക് സ്ളോട്ട് ലഭിച്ചതും ലോക്ഡൗൺ കാലയളവിൽ കാലാവധി അവസാനിച്ചതുമായ അയ്യായിരത്തിലധികം പേർ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുന്നുണ്ട്. ഇവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്ളോട്ടുകൾ പുനഃക്രമീകരിക്കും. സ്ളോട്ടുകൾ മോട്ടോർവാഹന വകുപ്പിന്റെ mvd.kerala.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസൺ കോർണറിലെ ലൈസൻസ് ലിങ്കിലൂടെയും പരിവാഹൻ സൈറ്റിൽ നേരിട്ടും ലഭ്യമാണ്. ഇതുപ്രകാരമുള്ള പരീക്ഷകൾ വ്യാഴാഴ്ച മുതൽ നടക്കും.