മലപ്പുറം: കോവിഡ് വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തുതന്നെ ഏറ്റവും മുന്നിൽ മലപ്പുറം. രണ്ടും മൂന്നും ദിവസങ്ങളിലാണ് മലപ്പുറത്ത് കൂടുതൽ വാക്‌സിൻവിതരണം നടന്നത്.
ആദ്യദിവസം സോഫ്റ്റ്‌വേർ പ്രശ്‌നം കാരണം കുറച്ചുപേർക്കുമാത്രമേ വിതരണംചെയ്യാനായുള്ളൂ. വാക്സിൻ സ്വീകരിക്കേണ്ട പലരും സ്ഥലംമാറിപ്പോയതും ബാധിച്ചു.
ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകൾ പ്രചരിച്ചിരുന്നു. മലപ്പുറത്ത് വാക്സിൻ സ്വീകരിക്കുവാൻ വിസമ്മതിക്കുന്നു എന്ന രീതിയിലാണ് കുപ്രചാരണം നടന്നത്. എന്നാൽ വാക്സിൻ ആവശ്യപ്പെട്ടുകൊണ്ട് ഏറ്റവുമധികംപേർ മുന്നോട്ടുവന്നത് മലപ്പുറത്താണെന്ന് ഡി.എം.ഒ. ഡോ. കെ. സക്കീന പറഞ്ഞു. രണ്ടാംദിവസം 92.8 ശതമാനവും മൂന്നാംദിവസം 75 ശതമാനവും വാക്സിൻവിതരണം നടന്നു.
ആദ്യദിവസം ഒരുമിച്ച് കൂടുതൽ വാക്സിൻ നൽകിയ പാലക്കാട് പോലും ഇതിന്റെ പിന്നിലാണ്. ബുധനാഴ്ച ഷെഡ്യൂൾപ്രകാരം മലപ്പുറത്ത് വാക്സിൻ വിതരണമുണ്ടായില്ല. സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാൻ രണ്ടാംദിവസംമുതൽ രാത്രി വൈകിയും ശ്രമിച്ചാണ് വാക്സിൻവിതരണം കാര്യക്ഷമമാക്കിയതെന്നും ഡി.എം.ഒ. അറിയിച്ചു.