കൊച്ചി: വ്യവസായ ഡയറക്ടറെ ‘നല്ല നടപ്പി’ന് ശിക്ഷിച്ചതിന് കാരണമായ സംഭവത്തിന് 20 വർഷത്തോളം പഴക്കം. സ്വകാര്യ കമ്പനിക്ക് അർഹമായ നികുതിയിളവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാത്തതിന് വ്യവസായ ഡയറക്ടർ 100 വൃക്ഷത്തൈ നടണമെന്നാണ് ജസ്റ്റിസ് അമിത് റാവൽ വെള്ളിയാഴ്ച ഉത്തരവിട്ടത്.

വിൽപ്പന നികുതിയുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഉണ്ടായിരുന്നു. എന്നാൽ, ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത് നിലവിലെ വ്യവസായ ഡയറക്ടർ കെ. ബിജുവാണെന്നുമാത്രം.

കാർബണേറ്റഡ് സിലിക്കേറ്റ് ഉത്പാദിപ്പിക്കുന്ന എസ്.എസ്. കെമിക്കൽസ് എന്ന സ്ഥാപനമാണ് നികുതിയിളവിന് അപേക്ഷ നൽകിയത്. വിൽപ്പന നികുതി ഒഴിവാക്കാനുള്ള സംസ്ഥാനതല കമ്മിറ്റി 2000 മുതൽ എട്ടുതവണ ഇതിനായി ഹിയറിങ് നടത്തി. ഉത്പാദനവസ്തുക്കളായ സോഡിയം കാർബണേറ്റ്, സോഡിയം സിലിക്കേറ്റ് എന്നിവയെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് തീരുമാനം വൈകാനിടയാക്കിയത്.

വ്യവസായ ഡയറക്ടറാണ് സമിതി കൺവീനർ. 2016-ലാണ് അവസാനം ഹിയറിങ് നടന്നത്. 2018 ഫെബ്രുവരി 21-നാണ് കെ. ബിജു ചുമതല ഏറ്റെടുത്തത്. ഈ സമയം നികുതിയിളവിന്റെ ഫയൽ ബന്ധപ്പെട്ട സംസ്ഥാനതല കമ്മിറ്റിയുടെ മുന്നിലായിരുന്നു. വിൽപ്പന നികുതി ഒഴിവാക്കിക്കൊടുക്കുന്നത് 2000-ൽ നിർത്തലാക്കുകയും ചെയ്തിരുന്നു. അപ്പീൽകേസുകൾ മാത്രമേ പരിഗണനയിലുണ്ടായിരുന്നുള്ളൂ.

വിരമിച്ച ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് ഉത്തരവാദിത്വമുള്ള കേസാണിത്. തീരുമാനം എടുക്കുന്നതിൽ അതത് കാലത്തുള്ളവർ വരുത്തിയ വീഴ്ചയാണ് ഇപ്പോൾ ഡയറക്ടർക്ക് വിനയായത്. വിഷയം തീർപ്പാക്കാൻ ഫെബ്രുവരി 22-ന് ഹിയറിങ് വെച്ചിട്ടുണ്ട്. ജി.എസ്.ടി. കമ്മിഷണർ ആണ് ഹിയറിങ് വിളിച്ചത്.

content highlights: court orders punishment for industrial and commerce director, 20 years of case