മറയൂർ: ചിന്നാർ പാലത്തിൽ വീണ്ടും കല്യാണമേളം. ഈ ലോക്‌ഡൗൺ കാലത്തെ ചിന്നാർ ചെക്ക്‌പോസ്റ്റിലെ ആദ്യവിവാഹം തിങ്കളാഴ്ച നടന്നു. കഴിഞ്ഞ ലോക്‌ഡൗണിൽ 11 വിവാഹങ്ങളാണ് കേരള-തമിഴ്‌നാട് അതിർത്തി തിരിക്കുന്ന ചിന്നാർ പാലത്തിൽ നടന്നത്.

ലോക്‌ഡൗൺ നിയന്ത്രണങ്ങളുള്ളതിനാലും അതിർത്തി കടന്നെത്തണമെങ്കിൽ വിവാഹസംഘത്തിലെ എല്ലാവർക്കും ടെസ്റ്റ് നടത്തേണ്ടതിനാലുമാണ് പലരും പാലം കതിർമണ്ഡപമാക്കുന്നത്.

ഉദുമൽപേട്ടയിൽ ടെസ്റ്റിന് 2600 രൂപ

മറയൂർ, മൂന്നാർ മേഖലകളിൽ തമിഴ് വേരുള്ളവർ ഏറെയുണ്ട്. ഇവർ തമിഴ്‌നാട്ടിൽനിന്ന് വിവാഹവും കഴിക്കും. ലോക്‌ഡൗണായതോടെ അതിർത്തി കടന്നുപോകാൻ നിയന്ത്രണങ്ങളുണ്ടായി.

കഴിഞ്ഞ ലോക്‌ഡൗണിൽ അതിർത്തികൾ പൂർണമായും അടച്ചതിനെത്തുടർന്നാണ് പാലത്തിൽ വിവാഹങ്ങൾ നടന്നത്. ഇത്തവണ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പാസുമുണ്ടെങ്കിൽ അതിർത്തി കടക്കാം.

കേരളത്തിലെ സ്വകാര്യ ലാബുകളിൽ കുറഞ്ഞ ചെലവിൽ പരിശോധന നടത്താം. പക്ഷേ, സംഘത്തിലെ എല്ലാവരുടെയും ഫലം കിട്ടാൻ താമസമുണ്ടാകുന്നതാണ് ബുദ്ധിമുട്ട്. തമിഴ്‌നാട്ടിൽ ടെസ്റ്റിന് അധികം തുക നൽകണം. ഉദുമൽപേട്ടയിൽ വിവാഹസംഘത്തോട് ചോദിച്ചത് ആളൊന്നിന് 2600 രൂപ. പത്തുപേരടങ്ങുന്ന സംഘത്തിന് 26,000 രൂപയാകും. പാസ് ലഭിക്കാനും താമസമുണ്ട്. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ചിന്നാർ ചെക്ക്‌പോസ്റ്റിലെ പാലം വിവാഹവേദിയാക്കുന്നത്.

ഇരുകരകളിലുംനിന്ന് ആശീർവാദം

വധു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കും. തുടർന്ന് പാലത്തിലേക്ക് വരനും വധുവും മാത്രമെത്തും. പിന്നെ താലികെട്ട്. ഇരുകരകളിലുംനിന്ന് ബന്ധുക്കൾ കുരവയിടും ആശീർവദിക്കും. തുടർന്ന് വധു വരനൊപ്പം യാത്രയാകും.

ആരോഗ്യം, വനം, എക്‌സൈസ്, പോലീസ് വകുപ്പുകളുടെ മേൽനോട്ടത്തിലാണ് വിവാഹങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പാക്കും.

തന്റെ പിറന്നാൾ ദിനത്തിലാണ് മറയൂർ ബാബുനഗർ സ്വദേശി ഉണ്ണികൃഷ്ണൻ(27), തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശിനി തങ്കമയിലിനെ(26) വിവാഹം ചെയ്തത്.

Content Highlight: Couple Ties Knot at Chinnar Bridge