തലശ്ശേരി: വടകരയിലെ സ്വതന്ത്രസ്ഥാനാർഥിയായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ചതിനുപിന്നിൽ പ്രാദേശികതലത്തിലുള്ള രാഷ്ട്രീയബന്ധമുണ്ടാകാമെന്ന് പോലീസ്. അതിനുമുകളിലുള്ള നേതൃത്വത്തിന് പങ്കുള്ളതായി ഇപ്പോഴത്തെ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. ക്വട്ടേഷൻ സംഘമാണ് അക്രമം നടത്തിയതെന്നും രാഷ്ട്രീയലക്ഷ്യമില്ലെന്നുമായിരുന്നു പോലീസ് കഴിഞ്ഞദിവസം പറഞ്ഞത്.

തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും പാർട്ടിനേതൃത്വത്തിന് പങ്കുണ്ടെന്ന് ബുധനാഴ്ച നസീർ ആരോപിച്ചിരുന്നു. ഇപ്പോൾ കസ്റ്റഡിയിലുള്ളയാൾ സി.പി.എം. പ്രവർത്തകനാണ്.

അക്രമത്തിനുപിന്നിൽ രാഷ്ട്രീയമില്ലെന്ന പോലീസ് നിഗമനം നസീർ തള്ളി. അക്രമികളെ അറസ്റ്റുചെയ്ത്, ഗൂഢാലോചന നടത്തിയവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. കേസ് ആ ദിശയിലേക്ക് നീങ്ങാതെ വ്യക്തിപരമായ പ്രശ്നമാക്കിമാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും നസീർ പറയുന്നു.

നഗരത്തിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നസീർ നിരന്തരം അഴിമതിയാരോപണമുന്നയിച്ചിരുന്നു. നസീർ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉന്നയിച്ച പ്രധാന വിഷയം ഇതായിരുന്നു.

കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്നുണ്ടാകും

കേസിൽ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തും. അക്രമികൾക്ക് സഹായവും വിവരവും നൽകിയതിനാണ് ഇയാളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തയാളെ മൂന്നുദിവസമായിട്ടും അറസ്റ്റുചെയ്യാത്തത് ചർച്ചയായതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.

മുഴുവൻ അക്രമികളെയും സഹായംനൽകിയ മറ്റുള്ളവരെയും തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. അക്രമികൾ സ്ഥലംവിട്ടിരിക്കുകയാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പോലീസിൽനിന്ന് വിവരങ്ങൾ ചോർന്നതാണോ അക്രമികളെ മുങ്ങാൻ സഹായിച്ചതെന്നും സംശയിക്കുന്നു. എന്തിനാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷിച്ചുവരികയാണ്.

Content Highlights: COT Naseer Murder attack