തിരുവനന്തപുരം: സംസ്ഥാനത്ത് ആറു കോർപ്പറേഷനുകളിലും 86 നഗരസഭകളിലും പുതിയ ഭരണസമിതികൾ നിലവിൽവന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് കോർപ്പറേഷനുകളിൽ എൽ.ഡി.എഫിലെയും കണ്ണൂരിൽ യു.ഡി.എഫിലെയും ജനപ്രതിനിധികൾ മേയർമാരായി. 43 നഗരസഭകളിൽ എൽ.ഡി.എഫും 41-ൽ യു.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എ.യും ഭരണംപിടിച്ചു.

കോട്ടയം, കൊല്ലത്തെ പരവൂർ, എറണാകുളത്തെ കളമശ്ശേരി എന്നിവിടങ്ങളിൽ സീറ്റുനില തുല്യമായതോടെ നറുക്കെടുപ്പിലൂടെ യു.ഡി.എഫ്. പ്രതിനിധികൾ അധ്യക്ഷസ്ഥാനത്തെത്തി.

കൊച്ചിയിൽ കേവല ഭൂരിപക്ഷമില്ലാതെ 74 അംഗ കൗൺസിലിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെയടക്കം 36 വോട്ടുകൾ നേടിയാണ് ഇടതുമുന്നണി ഭരണം പിടിച്ചത്. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി അംഗങ്ങൾ വൈകിയെത്തിയതിൽ യു.ഡി.എഫ്. പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. പരാതികൾ പിന്നീടു പരിശോധിക്കാമെന്നു പറഞ്ഞ് വരണാധികാരി എസ്. സുഹാസ് തിരഞ്ഞടുപ്പ് നടത്തിയതോടെ എൽ.ഡി.എഫ്. വിജയിച്ചു.

തൃശ്ശൂർ കോർപ്പറേഷനിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബി.ജെ.പി.യുടെ ആറു കൗൺസിലർമാർ മാറിനിന്നു. 48-ൽ 25 വോട്ട് നേടി കോൺഗ്രസ് വിമതനായി വിജയിച്ച എം.കെ. വർഗീസ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ മേയറായി തിഞ്ഞെടുക്കപ്പെട്ടു.

നെടുമങ്ങാട് നഗരസഭയിൽ എൽ.ഡി.എഫിലെ തർക്കത്തെത്തുടർന്ന് ഉപാധ്യക്ഷസ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐ.യും തമ്മിലായി മത്സരം. 24 വോട്ടോടെ സി.പി.എം. സ്ഥാനാർഥി വിജയിച്ചു.