തിരുവനന്തപുരം: പുതുതായി രണ്ടു കൊേറാണബാധ കൂടി സ്ഥിരീകരിച്ചതോടെ, സംസ്ഥാനമൊട്ടാകെ നിരീക്ഷണവല വിരിച്ച് സർക്കാരും ആരോഗ്യപ്രവർത്തകരും. ഇറ്റലിയിൽനിന്നെത്തിയ വിനോദസഞ്ചാരിക്കും ബ്രിട്ടനിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരുൾപ്പെെട 19 പേരാണ് ഇപ്പോൾ വിവിധ ജില്ലകളിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്.

കൊറോണ സംശയിക്കുന്ന 5468 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 277 പേർ ആശുപത്രിയിലാണ്. മറ്റുള്ളവർ വീടുകളിലും. ഇവരെയും ഇവർ സന്പർക്കം പുലർത്തുന്നവരെയും നിരീക്ഷിക്കുകയാണ് ആരോഗ്യപ്രവർത്തകർ. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പോയ വഴി അധികൃതർ തയ്യാറാക്കി. ഈ സമയം ഇവിടെയുണ്ടായിരുന്നവരെ കണ്ടെത്താനാണിത്.

കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽകോളേജിൽ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശിയുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഉറപ്പാക്കി.കൊറോണ വ്യാപകമാകുന്നതിനും യാത്രാവിലക്ക് വരുന്നതിനും മുമ്പ് നാടുകളിലേക്കുപോയ വിദേശികൾക്ക് ആശ്വാസം. തിരിച്ചെത്താൻ യാത്രാരേഖകളുടെ കാലാവധി നീട്ടിനൽകാൻ സൗദിഅറേബ്യയും ഖത്തറും തീരുമാനിച്ചു.

കുവൈത്തിലേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ വെള്ളിയാഴ്ച രാത്രിയോടെ അവസാനിച്ചു. ഞായറാഴ്ച പുലർച്ചെയോടെ സൗദിയും ഇന്ത്യ ഉൾപ്പെടെ 51 രാജ്യങ്ങളുമായുള്ള വ്യോമയാനബന്ധം അവസാനിക്കും.കർണാടകത്തിൽ അതിജാഗ്രത. മാളുകൾ, സിനിമാശാലകൾ, പബ്ബുകൾ, ഐ.ടി., ബി.ടി. സ്ഥാപനങ്ങൾ, സർവകലാശാലകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വലിയ ഹോട്ടൽ, െറസ്റ്ററന്റുകൾ എന്നിവ അടച്ചിടും.


ലിനോയുടെ ത്യാഗത്തിനു സല്യൂട്ട്

# ജോർജ് തോമസ്

തൊടുപുഴ: കോട്ടയം മെഡിക്കൽ കോളേജിൽ ലിനോ കഴിഞ്ഞിരുന്ന ഐസൊലേഷൻ വാർഡിന്റെ കൈയെത്തുംദൂരത്ത് പപ്പയുണ്ടായിരുന്നു. പോസ്റ്റുമോർട്ടം മുറിയിലേക്കു കയറ്റുംമുന്പ് അവസാനമായി കാണാൻ അവന്റെ മനസ്സ് പിടഞ്ഞു. ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് അവസാനമുത്തം നൽകണം, യാത്രയാക്കണം. പക്ഷേ, ജനലഴികളിലൂടെ നോക്കിനിൽക്കാനേ ലിനോയ്ക്കായുള്ളൂ. പിന്നെ കേരളത്തോടായി ഫെയ്സ്‌ബുക്കിൽ തന്റെ വേദന കുറിച്ചു: ‘‘ഒരുപക്ഷേ ഞാൻ ചുമയുണ്ടെന്ന് റിപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് അച്ചാച്ചനെ കാണാൻ പറ്റുമായിരുന്നു. രോഗമുണ്ടെങ്കിൽ എന്റെ വീട്ടിലുള്ളവർക്കും നാട്ടിലുള്ളവർക്കും ഞാനായിട്ട് പടർത്തില്ല. അങ്ങനെ ഉറപ്പിച്ചതുകൊണ്ടാണ് എനിക്കെന്റെ അപ്പനെ അവസാനമായി കാണാൻ പറ്റാതിരുന്നത്.’’

lino
ആബേലിന്റെ മൃതദേഹവുമായി പോകുന്ന ആംബുലന്‍സ്(ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ലിനോ ആബേല്‍ പകര്‍ത്തിയ ചിത്രം),ആബേല്‍ ഔസേഫ്, കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ലിനോ.

കൊറോണയെ ഒറ്റക്കെട്ടായി നേരിടുന്ന കേരളത്തിന്റെ മനസ്സിന്റെ നോവാണ് തൊടുപുഴ ആലക്കോട് തോണിക്കല്ലേൽ ലിനോ ആബേലിന്റെ അനുഭവം; ഒപ്പം കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജവും. ഖത്തറിൽ ഫോട്ടോഗ്രാഫറാണ് ലിനോ. കട്ടിലിൽനിന്നു വീണുപരിക്കേറ്റ് അച്ചാച്ചൻ ആശുപത്രിയിലായെന്നറിഞ്ഞ് കാണാൻ ഓടിവന്നതായിരുന്നു. മെഡിക്കൽ കോളേജിലെത്തുമ്പോൾ പിതാവ് ആബേൽ ഔസേഫ് (70) വെന്റിലേറ്ററിൽ. അവിടെനിന്നു പുറത്തിറങ്ങുമ്പോഴാണ് ചുമയും ഒപ്പം തൊണ്ടയിൽ അസ്വസ്ഥതയും തോന്നിയത്. ആശുപത്രിയിലെ കൊറോണ വിഭാഗത്തിൽ ബന്ധപ്പെട്ടു. ഐസൊലേറ്റ് ചെയ്യണമെന്ന് ഡോക്ടർമാർ. ലിനോ രണ്ടാമതൊന്ന് ആലോചിച്ചില്ല.

തിങ്കളാഴ്ച രാത്രി 10.30 ആയപ്പോൾ സഹോദരന്റെ വിളിവന്നു. അച്ചാച്ചൻ എല്ലാവരെയും വിട്ടുപോയിരിക്കുന്നു. ഐസൊലേഷൻ വാർഡിലിരുന്ന് ലിനോ പൊട്ടിക്കരഞ്ഞു. അവസാനമായി അച്ചാച്ചനെ ഒരുനോക്ക് കാണണമെന്ന് ലിനോ ആഗ്രഹിച്ചു. പക്ഷേ, തനിക്കു രോഗമുണ്ടെങ്കിൽ മറ്റാർക്കെങ്കിലും പകർന്നാലോ? ഐസൊലേഷൻ വാർഡിന്‍റെ എതിർവശത്തായിരുന്നു പോസ്റ്റ്മോർട്ടം മുറി. അവിടേക്ക്, രാവിലെ അച്ചാച്ചന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടുവരുന്നതും മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്കു മടങ്ങുന്നതുമെല്ലാം കണ്ണീർപാളിയിലൂടെ അവൻ അവ്യക്തമായി കണ്ടു.

ചൊവ്വാഴ്ച വൈകീട്ട് കലയന്താനിയിലെ ദേവാലയത്തിൽ ശവസംസ്‌കാരശുശ്രൂഷകൾ നടക്കുമ്പോഴും നീറുന്ന മനസ്സുമായി ലിനോ ഐസൊലേഷൻ വാർഡിൽ കിടന്നു. അവസാന നിമിഷമെങ്കിലും ഫലം നെഗറ്റീവാണെന്ന ഫലം വരുമെന്നും അപ്പന്റെയടുക്കൽ ഓടിയെത്താമെന്നും അവൻ കൊതിച്ചു. പക്ഷേ സാധിച്ചില്ല. വീട്ടിൽനിന്നുള്ള സഹോദരന്റെ വീഡിയോ കോളിൽ അവസാനമായി അച്ഛാച്ചന്റെ മുഖം കാണാനേ കഴിഞ്ഞുള്ളൂ.

പ്രശംസിച്ച് മുഖ്യമന്ത്രി

തന്റെ സാമൂഹികബോധവും ഉത്തരവാദിത്വവുമാണ് ലിനോയെ ഈ ത്യാഗത്തിന് പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരീക്ഷണത്തിലായതിനാൽ അച്ഛനെ കാണാൻ ലിനോയ്ക്ക് കഴിഞ്ഞില്ല. അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രതിരോധം ശക്തം -ഗവർണർ   

തിരുവനന്തപുരം: കൊറോണ വൈറസിനെതിരേ കേരളത്തിന്റെ പ്രതിരോധം ശക്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യവകുപ്പിന്റെ നിർദേശം നമുക്ക് കൃത്യമായി പാലിക്കാമെന്നും ഗവർണർ പറഞ്ഞു. ഭീതി വേണ്ട, ജാഗ്രതമാത്രം മതി. നമ്മുടെ ജാഗ്രത നമുക്കും സമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യും. കൊറോണ വൈറസിനെ നമുക്ക് ഒന്നായി നേരിടാം. നാം അതിജീവിക്കും- അദ്ദേഹം പറഞ്ഞു.