കോട്ടയം: കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ പരിചരിക്കുന്നവരുടെ പൂർണ സുരക്ഷിതത്വത്തിനായി ഉപയോഗിക്കുന്ന പഴ്സണൽ െപ്രാട്ടക്‌ഷൻ എക്യുപ്പ്മെന്റ് പായ്ക്കറ്റിന് ചെലവ് 500 മുതൽ 1000 രൂപവരെ. തലമുതൽ കാൽവരെ പൂർണസുരക്ഷയൊരുക്കുന്ന, ശരീരം മൊത്തംമൂടുന്ന കിറ്റാണിത്. മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും ഇവയെത്തിക്കുന്നത് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ്. ഇതിലെ ഓരോ ഇനങ്ങളും വെവ്വേറെയും വാങ്ങാൻ കിട്ടും.

കിറ്റിൽ എന്തൊക്കെ

* കവർ ഓൾ: ശരീരം മൊത്തം മൂടുന്ന മേലാപ്പ്. വില: 250-500.

* ഗൂഗിൾസ്: കണ്ണിന്റെ സുരക്ഷയ്ക്കുള്ള കണ്ണാടി. സാധാരണ ശസ്ത്രക്രിയ കഴിഞ്ഞുവെക്കുന്നത് കറുത്തതാണെങ്കിൽ ഇതിലുപയോഗിക്കുന്നത് മുഖത്ത് അമർന്നിരിക്കുന്ന വെളുത്ത ഗൂഗിൾസാണ്. വായുവിൽകൂടി പകരാൻ സാധ്യതയുള്ള വൈറസുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളവ. വില: 35-100.

* എൻ-95 മുഖാവവരണം: മൂക്കടക്കം മുഖത്തിന് സുരക്ഷയൊരുക്കുന്നു. വില 50-100

*കൈയുറകൾ: വില: 25-100.

*ഷൂ കവർ: കാലിന് സുരക്ഷയൊരുക്കുന്നു. വില: 35-100

സുരക്ഷ

വായുവിലുള്ള സൂക്ഷ്മാണുക്കളെ പോലും 95 ശതമാനം പ്രതിരോധിക്കാനുള്ള കഴിവുണ്ട്. രോഗാണുക്കളെ പൂർണമായും തടയാനല്ല, എന്നാൽ രോഗികളുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് ശരീരത്തിലേക്കെത്തുന്നതിന്റെ തീവ്രത കുറയ്ക്കാനോ നിയന്ത്രിക്കാനോ ഉപയോഗിക്കാം. ശരീരത്തിലേക്ക് അണുക്കൾ പ്രവേശിക്കാത്തതരത്തിൽ സംരക്ഷണം നൽകുന്ന പ്ളാസ്റ്റിക്, െെഫബർ എന്നിവകൊണ്ടാണ് ഇവ നിർമിക്കുന്നത്.

ആരൊക്കെ ധരിക്കണം

രോഗികളുമായി അടുത്തിടപഴകുന്നവർ. ഡോക്ടർ, നഴ്സ്, ശുചീകരണപ്രവർത്തകർ, ആഹാരം എത്തിക്കുന്നവർ.

എത്ര മണിക്കൂർ

ഒരു കിറ്റു തുറന്ന് ഉപയോഗിച്ച് കഴിഞ്ഞാൽ ആറുമണിക്കൂറാണ് സമയപരിധി. ശരീരത്തിൽനിന്ന് മാറ്റിയാൽപ്പിന്നെ ഉപയോഗിക്കാൻ പാടില്ല.

Content Highlights: Corona protection equipment pack