തിരുവനന്തപുരം: കൊറോണ രോഗത്തെ നേരിടുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായിട്ടുള്ള ഭീതിദമായ അന്തരീക്ഷം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26-ന് തന്നെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് പരിശോധനകളും ജാഗ്രതയും ശക്തമാക്കണമെന്നാവശ്യപ്പെട്ട് കത്തുനൽകിയതാണ്. അതിന്റെ അടിസ്ഥാനത്തിൽ അപ്പോൾ തന്നെ എല്ലാ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട സാഹചര്യമാണിപ്പോഴുള്ളതെങ്കിലും വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ വയ്യ-അദ്ദേഹം പറഞ്ഞു.