തിരുവനന്തപുരം: വിവാഹത്തിന്റെ പേരിൽ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരേ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടു. പ്രണയവിവാഹത്തിന് ബി.ജെ.പി. എതിരല്ലെന്നും മതപരിവർത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമെല്ലാം പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവർത്തനങ്ങൾ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണ്. നിയമനിർമാണത്തിലൂടെ മാത്രമേ ലൗ ജിഹാദ് ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. ലൗ ജിഹാദ് എന്ന പദം നിർവചിച്ചിട്ടില്ലെന്ന് പറയുന്നവർ ഭരണഘടനയിൽ മതം പോലും നിർവചിക്കപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. ലൗജിഹാദ് തടയാൻ യു.പി, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണം. എന്നാൽ മാത്രമേ സമുദായങ്ങൾ തമ്മിലുള്ള അകൽച്ച കുറയുകയുള്ളൂ. പാലാ ബിഷപ്പ് അഭിപ്രായമേ പറയാൻ പാടില്ലെന്ന രീതിയിലുള്ള നിലപാട് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ പറഞ്ഞതു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്- അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ തകർക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്‌മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലൊക്കെ മുഖം നോക്കാതെ നടപടികൾ നടക്കുമ്പോൾ കേരള സർക്കാർ മിണ്ടാതിരിക്കുന്നു- ജോർജ് കുര്യൻ പറഞ്ഞു.