കോഴിക്കോട്: വിവാദമായ പ്രസംഗത്തിൽ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ.

ഇന്ത്യയിൽ ഇനിയുള്ള സമരം വിജയിപ്പിക്കുന്നതിൽ പ്രതീക്ഷയർപ്പിക്കുന്നത് ഇസ്‌ലാമിക വിപ്ലവത്തിലൂടെയാണെന്ന് സി.പി.ഐ. മാവോവാദി നേതാവ് ഗണപതി ബി.ബി.സി.യോടു പറഞ്ഞത് ലോകംമുഴുവൻ പ്രചരിച്ചതാണ്. മാവോവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദസംഘടനകൾ സ്വീകരിക്കുന്നത്. മുസ്‌ലിം സംഘടനകൾ മുഴുവൻ മുസ്‌ലിം തീവ്രവാദത്തെ എതിർക്കുന്നുണ്ട്. തീവ്രവാദത്തെ എതിർക്കുന്നത് മുസ്‌ലിം സമുദായത്തിന് എതിരാണെന്ന് വരുത്തിത്തീർക്കുന്നതു ശരിയല്ല. പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നു -അദ്ദേഹം മാതൃഭൂമിയോടു പറഞ്ഞു.

പ്രസംഗത്തിൽനിന്ന്

ഉത്തരേന്ത്യയിൽ പിന്നാക്കക്കാർ ചൂഷണം ചെയ്യപ്പെടുന്നുവെന്നാണ് മാവോവാദികൾ പറയുന്നത്. എന്നാൽ, ഇവിടെ അത്തരം സാഹചര്യമില്ല. വെറുതേ കോപ്രായങ്ങൾ കാണിച്ച് കുഴപ്പം സൃഷ്ടിക്കാൻ കൂട്ടിക്കൊണ്ടുവന്നതാണ്. രാജ്യത്ത് എണ്ണായിരത്തിൽപ്പരം ആളുകളെയാണ് മാവോവാദികൾ കൊലപ്പെടുത്തിയത്. ഇതിൽ ആറായിരത്തിൽപ്പരം സാധാരണക്കാരാണ്. ബാക്കിയുള്ളത് ഉദ്യോഗസ്ഥരും. ഒരു വൻകിടക്കാരനെയും മാവോവാദികൾ ആക്രമിച്ചിട്ടില്ല.

ബാബറി മസ്ജിദ് വിഷയത്തിൽ ശാശ്വതപരിഹാരമായിരുന്നു സുപ്രീംകോടതിയിൽനിന്നു ജനങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വിചിത്രമായ വിധിയാണ് ഉണ്ടായത്.

ബി.ജെ.പി. ആരോപണം ശരിവെക്കുന്ന പ്രസ്താവന

മുസ്‌ലിം തീവ്രവാദ സംഘടനകൾക്ക് സംരക്ഷണം നൽകി വളർത്തുന്നത് സി.പി.എമ്മാണെന്ന ബി.ജെ.പി. ആരോപണം ശരിവെക്കുന്നതാണ് മോഹനന്റെ പ്രസ്താവന. ഗത്യന്തരമില്ലാതെ നടത്തിയ തുറന്നുപറച്ചിലാണിത്.

- കെ. സുരേന്ദ്രൻ, ബി.ജെ.പി. സംസ്ഥാന ജനറൽസെക്രട്ടറി

സി.പി.എം. ബി.ജെ.പി.യുടെ ബി ടീം

ബി.ജെ.പി.യുടെ ബി ടീമായി സി.പി.എം. മാറി. സ്വന്തം പാർട്ടിപ്രവർത്തകർ മാവോവാദികളായിട്ടുണ്ടെങ്കിൽ ഇസ്‌ലാമിക രാഷ്ട്രീയത്തെ പഴിക്കേണ്ട.

-റൗഫ്, പോപ്പുലർഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം

സി.പി.എമ്മിന്റെ പരാജയം

സ്വന്തം പാർട്ടിപ്രവർത്തകർ തീവ്രവാദപ്രവർത്തനത്തിലും മാവോ അനുകൂല പ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനാവാത്തവർക്ക് പാർട്ടിപ്രവർത്തനം നടത്താൻ യോഗ്യതയില്ല. സ്വന്തം പാർട്ടിയിലെ വ്യതിയാനം കണ്ടുപിടിക്കാൻ കഴിയാത്തത് അവരുടെ പരാജയമാണ്. അവർക്ക് വേണ്ടാത്തവരെ മാവോവാദികളും മുസ്‌ലിം തീവ്രവാദികളുമാക്കുന്നത് ആ പാർട്ടിയിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിനു വേണ്ടവരെ പിടികൂടാനും രക്ഷപ്പെടുത്താനും സാധിക്കുന്നുവെന്നതാണ്.

- എം.എൻ. കാരശ്ശേരി

ഭാവനയല്ല

ഇസ്‌ലാമിക തീവ്രവാദത്തെ എതിർക്കുന്നവർ ഇസ്‌ലാം വിരോധിയാണെന്ന വാദം അസംബന്ധമാണ്. രാജ്യത്തെ അട്ടിമറിക്കാനുള്ള പോരാട്ടത്തിൽ മാവോവാദികൾ മുസ്‌ലിം തീവ്രവാദ സംഘടനകളെ സംഖ്യകക്ഷികളായി കാണുന്നുണ്ടെന്നത് മോഹനൻ മാസ്റ്ററുടെ ഭാവനയല്ല. സമീപകാലത്ത് ചില സംഭവങ്ങൾ നടന്ന കോഴിക്കോട് ജില്ലയിലെ സി.പി.എം. പോലൊരു പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നനിലയിൽ അദ്ദേഹം വിമർശനമുന്നയിക്കുമ്പോൾ, അത് ഇസ്‌ലാംമതവിരുദ്ധമാണെന്നു പ്രചരിപ്പിക്കുന്നവർ ആരുടെ പക്ഷത്താണ്?

-പി.എ. മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.െഎ. അഖിലേന്ത്യാ പ്രസിഡന്റ്

ഞങ്ങൾ ഇന്റലിജൻസ് വിവരങ്ങൾ കിട്ടാത്ത പാവം പാർട്ടി

ഞങ്ങളുടേത് ഇന്റലിജൻസ് വിവരങ്ങളൊന്നും കിട്ടാത്ത പാവപ്പെട്ട പാർട്ടിയാണ്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാനാവില്ല. പി.മോഹനന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കുന്നതാണ് നല്ലത്. അത് വ്യാഖ്യാനിച്ച് അഭിപ്രായം പറയാൻ എനിക്ക് ബാധ്യതയില്ല. യു.എ.പി.എ. ചുമത്തിയത് തെറ്റാണെന്നാണ് സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും അഭിപ്രായം.

-കാനം രാജേന്ദ്രൻ, സി.പി.െഎ. സംസ്ഥാനസെക്രട്ടറി

Content Highlights: controversy speech about maoists, cpm district secretary p mohanan's response