തിരുവനന്തപുരം: സൈബറാക്രമണത്തെ ചെറുക്കാൻ നിയമം കർശനമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കൈയടി നേടിയെങ്കിലും, നടപ്പായപ്പോൾ സർക്കാരിന് കല്ലുകടിയായി. മാധ്യമങ്ങളെയും കേസിന്റെ വരുതിയിലാക്കിയ നിയമഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയാണ് പ്രതിപക്ഷവും ബി.ജെ.പി.യും ആയുധമാക്കുന്നത്. ഭേദഗതി സി.പി.എം.പൊളിറ്റ് ബ്യൂറോ നിലപാട് പരസ്യമായി തള്ളുന്നത് കൂടിയായപ്പോൾ മുഖ്യമന്ത്രിക്ക് വിശദീകരണവുമായി രംഗത്തിറങ്ങേണ്ടിവന്നു. അപ്പോഴും നിയമം ദുരുപയോഗംചെയ്യില്ലെന്ന ഉറപ്പുമാത്രമാണ് മുഖ്യമന്ത്രിക്ക് നൽകാനുള്ളത്.
ദുരുപയോഗംചെയ്യാൻ ഏറെ സാധ്യതയുള്ള വിധമാണ് കേരള പോലീസ് നിയമത്തിലെ ഭേദഗതി. ഒരാളുടെ മനസ്സുനൊന്താൽപ്പോലും വാർത്തയ്ക്കും അത് നൽകിയ മാധ്യമസ്ഥാപനത്തിനുമെതിരെ സ്വമേധയാ കേസെടുക്കാവുന്നതാണ് നിയമം. വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾതന്നെ പരാതിക്കാരനാകണമെന്നും നിർബന്ധമില്ല. സർക്കാരിനെതിരേയുള്ള വാർത്തകളെ പോലീസിനെ ഉപയോഗിച്ച് ’സെൻസർ’ ചെയ്യാനുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ വ്യാഖ്യാനിക്കുന്നത്.
ഡിജിറ്റൽമാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലാക്കിയ കേന്ദ്രസർക്കാർനടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സി.പി.എം. പ്രക്ഷേപണമന്ത്രാലയത്തിന്റെ നിയന്ത്രണംപോലും എതിർക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് വാർത്തകൾക്കും മാധ്യമങ്ങൾക്കും മുകളിൽ പോലീസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതിനാലാണ് സി.പി.എം. കേന്ദ്രനേതൃത്വത്തിന് ഈ നിയമഭേദഗതിയോട് വിയോജിക്കേണ്ടിവന്നത്.
‘ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്രസർക്കാർ വകുപ്പിന്റെ നിയന്ത്രണത്തിലാക്കാനുള്ള വിജ്ഞാപനം പിൻവലിക്കണം, അച്ചടി, ദൃശ്യമാധ്യമങ്ങളെ വരുതിയിലാക്കിയശേഷം കേന്ദ്രസർക്കാർ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പോവുകയാണ്, എല്ലാ ഡിജിറ്റൽ ഓൺലൈൻ മാധ്യമങ്ങളെയും ഓൺലൈൻ ഉള്ളടക്കദാതാക്കളെയും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള വിജ്ഞാപനം ഇറക്കിയത് ഈ ഉദ്ദേശ്യത്തിലാണ്...’-എന്നിങ്ങനെയായിരുന്നു പൊളിറ്റ് ബ്യൂറോ കേന്ദ്രസർക്കാരിനെതിരേ സ്വീകരിച്ച നിലപാട്. ഐ.ടി.ആക്ടിലെ 66-എ വകുപ്പ് അഭിപ്രായപ്രകടനത്തെ ഹനിക്കുന്നതാണെന്നുകാട്ടി സുപ്രീംകോടതി റദ്ദാക്കിയപ്പോഴും ആദ്യം സ്വാഗതംചെയ്തത് സി.പി.എമ്മായിരുന്നു.
കേന്ദ്രനേതൃത്വത്തിന്റെ അതൃപ്തി പ്രകടമായതോടെയാണ് പോലീസ് നിയമം ദുരുപയോഗംചെയ്യില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. പാർട്ടിതന്നെ കരിനിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയ യു.എ.പി.എ. പാർട്ടി അംഗങ്ങളായ രണ്ടുവിദ്യാർഥികളിൽ പ്രയോഗിച്ചപ്പോൾ അത് പോലീസിന്റെ പിഴയായാണ് സി.പി.എം. വിശദീകരിച്ചത്. നിയമത്തിൽ നിയന്ത്രണമില്ലാതെ അത് പ്രയോഗിക്കുന്നതിന് പരിധിവെക്കുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പ്രതിപക്ഷത്തിന്റെ മറുപടി. കേന്ദ്ര ഏജൻസികളുടെ അന്വേഷണവിവരങ്ങൾ വാർത്തയാകുന്നത് തടയുകയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് യു.ഡി.എഫിെന്റയും ബി.ജെ.പി.യുടെയും ആരോപണം.
Content Highlights: Controversy erupts over Kerala Police Act Amendment