തിരുവനന്തപുരം : എം. ശിവശങ്കറിൽനിന്ന് സർക്കാർ പദ്ധതികളിലേക്കും കൺസൾട്ടൻസികളിൽനിന്ന് കമ്മിഷൻ ഉറവിടത്തിലേക്കും അന്വേഷണത്തിന്റെ പരിധി നീട്ടുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായപ്പോൾ രൂപംനൽകിയ പദ്ധതികളുടെ പിന്നാമ്പുറങ്ങളാണ് അന്വേഷണസംഘം തേടുന്നത്.

ഇതിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന്റെ പങ്കും കൺസൾട്ടൻസി ഇടപാടിലെ ദുരൂഹതയും കണ്ടെത്തുകയാണ് ലക്ഷ്യം. സ്വപ്നാ സുരേഷിന് ഐ.ടി.വകുപ്പിനുകീഴിൽ ജോലി നൽകിയത് പി.ഡബ്ല്യു.സി. എന്ന കൺസൾട്ടൻസി കമ്പനി വഴിയാണ്. വഴിവിട്ട ഇടപാടിന് വഴിയൊരുക്കുന്ന ഏജൻസി എന്ന നിലയിൽ പി.ഡബ്ല്യു.സി. പ്രവർത്തിച്ചുവെന്ന സംശയം ബലപ്പെടുത്തിയ ആദ്യനടപടിയായിരുന്നു ഇത്. എന്നാൽ, സ്വർണക്കടത്ത് പ്രതികളുമായുള്ള ശിവശങ്കറിന്റെ അടുപ്പവും കമ്മിഷൻ ഇടപാടുമാണ് മറ്റ് പദ്ധതികളെക്കൂടി സംശയത്തിലാക്കിയത്. ഇതിലെല്ലാം പി.ഡബ്ല്യു.സി.യുടെ സാന്നിധ്യവുമുണ്ട്.

ഗതാഗതവകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഇ-മൊബിലിറ്റി പദ്ധതിയുടെ ഫയൽ തുറക്കുന്നത് ഐ.ടി.വകുപ്പിൽനിന്ന് ശിവശങ്കറാണ്. വൈദ്യുത ബസ് നിർമാണത്തിന് സ്വിസ് കമ്പനിയായ ഹെസ്സുമായി ധാരണയുണ്ടാക്കുന്നത് ഒരു ടെൻഡർനടപടി പോലും ഇല്ലാതെയാണ്. ഹെസ്സിനെ എങ്ങനെ തിരഞ്ഞെടുത്തുവെന്നും ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരുപഠനം നടത്തിയിട്ടുണ്ടോയെന്നും ധനവകുപ്പ് അന്വേഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സാധ്യതാപഠനത്തിന് പി.ഡബ്ല്യു.സി.ക്ക് കൺസൾട്ടൻസി നൽകുന്നത്. ഇതിലും ടെൻഡറില്ല. മാത്രവുമല്ല, പി.ഡബ്ല്യു.സി.യോട് കൺസൾട്ടൻസി ഏറ്റെടുക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കാൻ അങ്ങോട്ട് ആവശ്യപ്പെടുകയുമാണ് ചെയ്തത്.

ഇ-മൊബിലിറ്റിക്കൊപ്പം മറ്റ് മൂന്ന് പദ്ധതികളിലെ ഇടപാടുകളിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയം പ്രകടിപ്പിക്കുന്നത്. ഇതിലെല്ലാം വിദേശ കമ്പനികളുടെയും കൺസൾട്ടൻസി ഏജൻസികളുടെയും പങ്കാളിത്തമുണ്ട്. ഇവയെല്ലാം ഐ.ടി.വകുപ്പിന്റെ നേതൃത്വത്തിലും ശിവശങ്കറിന്റെ കാർമികത്വത്തിലും നടന്നതാണ്. പി.ഡബ്ല്യു.സി.വഴി സ്വപ്നയ്ക്ക് സർക്കാർ സംവിധാനത്തിൽ ഇടംകൊടുത്തത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. അതിനാൽ, സർക്കാർ സംവിധാനത്തിന്റെ നിയന്ത്രണങ്ങൾക്കുപുറത്ത് കമ്മിഷൻ ഇടപാടിന്റെ സാധ്യത തുറന്നിടാനുള്ള പ്രവർത്തനം ഈ പദ്ധതികളിൽ ശിവശങ്കർ നടത്തിയിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

എന്നാൽ, ഈ പദ്ധതികളിലൊന്നും വഴിവിട്ട നീക്കത്തിന് സർക്കാർ അവസരം നൽകിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കെ-ഫോൺ പദ്ധതി ടെൻഡർ നടപടിയെല്ലാം പൂർത്തിയാക്കിയാണ് നടപ്പാക്കുന്നത്. ഇ-മൊബിലിറ്റി പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. വിദേശ കമ്പനിയുമായി ധാരണയുണ്ടാക്കുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പദ്ധതികളെയോ സർക്കാരിനെയോ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് മുതിർന്ന ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.