ആലപ്പുഴ: കിഫ്ബിക്കെതിരായ സി.എ.ജി. റിപ്പോർട്ടിലെ പരാമർശങ്ങൾ കേരളത്തിന്റെ വികസനം തകർക്കാനുള്ള നീക്കമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി വായ്പകൾ ഓഫ് ബജറ്റല്ല, ഓൺ ബജറ്റാണെന്ന് മന്ത്രി വിശദീകരിച്ചു.

കിഫ്ബി വായ്പകൾ സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതകളല്ല, കണ്ടിജന്റ് ബാധ്യത മാത്രമാണ്. 2017-18ലെ റിപ്പോർട്ട് തന്നപ്പോഴും കിഫ്ബി സംബന്ധിച്ചുള്ള നിഗമനങ്ങളിൽ സർക്കാരിന്റെ വ്യത്യസ്താഭിപ്രായം രേഖാമൂലം അറിയിച്ചിരുന്നു. ആ പതിവനുസരിച്ചാണ് മറുപടി തയ്യാറാക്കാൻ കിഫ്ബിയെ ഏൽപ്പിച്ചത്. സർക്കാരിന്റെ അഭിപ്രായം ഒരുഘട്ടത്തിലും തേടിയിട്ടില്ല. ഇത് ഓഡിറ്റിങ് കീഴ്‌വഴക്കങ്ങൾക്കെതിരാണ്. അതുകൊണ്ടാണ് കരടു റിപ്പോർട്ടായിരിക്കാമെന്ന നിഗമനത്തിലെത്തിയത്.

റിപ്പോർട്ട് അന്തിമമാണോ കരടാണോ എന്നതല്ല, അതിലെ നിഗമനങ്ങളോട് യു.ഡി.എഫ്. യോജിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ഇതിന്‌ മറുപടിപറയാൻ അവർ തയ്യാറായിട്ടില്ല. നടപടിക്രമങ്ങൾ ഉയർത്തിക്കാട്ടി അതിലെ ഉള്ളടക്കം വിസ്മരിക്കരുത്- മന്ത്രി പറഞ്ഞു.