തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന്റെ കരാർ വിവരങ്ങൾ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയുംമുൻപ് പ്രതിപക്ഷ നേതാവിനു കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തും ചെയ്യാൻ മടിയില്ലാത്ത ദുഷ്ടാത്മാക്കൾ നമ്മുടെ നാട്ടിലുണ്ടെന്നും അവരുടെ നെറികേടുകളൊന്നും വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച യുവ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത്സ്യത്തൊഴിലാളികൾക്കിടയിൽ വികാരം ഇളക്കിവിടാനുള്ള ആലോചനയാണ് ഇതിനുപിന്നിൽ. എൽ.ഡി.എഫിന് പ്രഖ്യാപിത നയമുണ്ട്. അങ്ങനെയൊരു കാര്യം ആലോചിക്കുന്ന പ്രശ്നമേയില്ലെന്ന് ജനത്തിനറിയാം -മുഖ്യമന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്റ് വിനീത് അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിജു ഖാൻ, കവിത, എസ്.കെ. സജീഷ്. സി.പി.എം. നേതാവ് എം. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

രാഹുലിന്റെ ‘കടൽചാട്ടം’ ടൂറിസത്തിന് ഗുണംചെയ്യും

രാഹുൽഗാന്ധി കേരളത്തിലെ കടലിൽ നീന്തിയത് വിനോദസഞ്ചാര മേഖലയ്ക്കു ഗുണംചെയ്യുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വലിയ ടൂറിസ്റ്റായ അദ്ദേഹം പല നാടുകളിലും പോകാറുണ്ട്. ശാന്തമായ കടൽ കണ്ടാൽ നീന്താറുമുണ്ട്. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ എന്തെല്ലാം നാടകങ്ങളാണ് അരങ്ങേറുന്നത്. ബി.ജെ.പി.യും കോൺഗ്രസും ഏറ്റുമുട്ടുന്ന സ്ഥലങ്ങൾ സന്ദർശിക്കാതെ രാഹുൽഗാന്ധി ഒഴിഞ്ഞുമാറുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഉദ്യോഗാർഥികളുടെ സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി

ചർച്ചയ്ക്കുശേഷവും പോലീസ് ഉദ്യോഗാർഥികൾ സമരം തുടരുന്നതിനെ വിമർശിച്ച് മുഖ്യമന്ത്രി. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും ശവമഞ്ചത്തിൽ കിടന്നും റോഡിലിഴഞ്ഞും സമരംചെയ്യുന്നത് എന്തിനാണ്? നിയമത്തിന്റെ കണ്ണിൽ തെറ്റാണെന്നു കണ്ടിട്ടും ചെറുപ്പക്കാരെ സഹായിക്കാനാണു ശ്രമിച്ചത്. വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ട ചില മാധ്യമങ്ങൾ മറിച്ചാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലുമൊരു നുണ പ്രത്യേക രീതിയിൽ സൃഷ്ടിച്ച് ബാനർ തലക്കെട്ടിൽ കൊടുത്ത് കേരളീയരെ പറ്റിക്കാമെന്ന് വിചാരിക്കേണ്ടാ -മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Conspiracy behind deep sea fishing controversy: Pinarayi Vijayan