കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് കൊടുവള്ളി മാഫിയ. ഇവരിൽ നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല.

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തേ പിടികൂടിയ കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസിന്റെ വാട്‌സാപ്പ് സന്ദേശത്തിൽനിന്നാണ് അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടന്നതായി വ്യക്തമായത്.

ഒളിവിൽ കഴിഞ്ഞപ്പോൾ സംഘാംഗങ്ങൾ നടത്തിയ വാട്‌സാപ്പ് സംഭാഷണത്തിലാണ് ഗൂഢാലോചനയുടെ വിവരങ്ങളുള്ളത്. രേഖകളില്ലാത്ത ലോറി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനാണ് ചർച്ച നടന്നത്. ഗൂഢാലോചനയിൽ ഉൾപ്പെട്ട നാലിൽ രണ്ടുപേർ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്.

പ്രതികളിലൊരാൾ അന്വേഷണസംഘത്തിലെ സബ് ഇൻസ്പെക്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടികളെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതും അന്വേഷിക്കുന്നുണ്ട്.