തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതപരാജയം നേരിട്ട കോൺഗ്രസ് തിരുത്തലിനൊരുങ്ങുന്നു. ഇരട്ടപദവികൾ ഒഴിവാക്കാനും ആവശ്യമായിടത്ത് ഇളക്കിപ്രതിഷ്ഠ നടത്താനുമാണ്‌ തീരുമാനം. തദ്ദേശത്തിൽ എന്താണുസംഭവിച്ചതെന്ന് ജില്ലാതലത്തിൽ പരിശോധനനടന്നുവരികയാണ്. ഇത് പൂർത്തിയാകുന്നതോടെ കീഴ്ഘടകങ്ങളുടെ സംഘടനാദൗർബല്യത്തിന്റെ ‘പ്രോഗ്രസ് റിപ്പോർട്ട്’ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വത്തിനുമുമ്പിൽ വെക്കും. ഇതിനുശേഷം തിരുത്തലുണ്ടാകും.

14 ജില്ലയിലെയും നേതാക്കളുമായുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ജനപ്രതിനിധികളായതിനാൽ പാലക്കാട്, വയനാട് ഡി.സി.സി. പ്രസിഡന്റുമാർ സ്ഥാനമൊഴിയാൻ സന്നദ്ധതപ്രകടിപ്പിച്ചതാണ്. ഏഴുജില്ലയിലെങ്കിലും പ്രസിഡന്റുമാരിൽ ഇളക്കിപ്രതിഷ്ഠയുണ്ടാകുമെന്നാണ്‌ വിലയിരുത്തൽ.

ഓരോ ജില്ലയെയും പ്രതിനിധാനംചെയ്യുന്ന എം.പി., എം.എൽ.എ.മാർ, കെ.പി.സി.സി. ഭാരവാഹികൾ, കെ.പി.സി.സി. നിർവാഹകസമിതി അംഗങ്ങൾ, ഡി.സി.സി. പ്രസിഡന്റുമാർ എന്നിവരാണ് കൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പരിശോധകർ. കോവിഡായതിനാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്നില്ല.

പറയാനുള്ളത് കേൾക്കുകയും തിരുത്താനുള്ളത് അറിയുകയും ചെയ്യുകയെന്നതാണ് കൂടിക്കാഴ്ചയുടെ പൊതുരീതി. മലബാറിലെ അഞ്ചുജില്ലകളിലെയും മധ്യകേരളത്തിലെ മൂന്നുജില്ലകളിലെയും പരിശോധന പൂർത്തിയായി. 26-ന് തെക്കൻകേരളത്തിലെ ആറുജില്ലകളിലെ പ്രതിനിധികളുമായി ഇരുനേതാക്കളും സംസാരിക്കും.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിധ്യത്തിൽ 27-ന് കെ.പി.സി.സി. നിർവാഹകസമിതിയും രാഷ്ട്രീയകാര്യസമിതിയും ചേരും. ഇതിലാകും റിപ്പോർട്ട് പരിശോധിക്കുക. സംഘടനയെ ചലിപ്പിക്കാൻ തിരുത്തൽ വേണമെന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്.

കേരളത്തിലെ കാര്യങ്ങൾ പരിശോധിക്കാൻ മൂന്ന് ജനറൽ സെക്രട്ടറിമാരെ എ.ഐ.സി.സി. ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ തിരുത്തൽ വേണമോയെന്നത് എ.ഐ.സി.സി. പ്രതിനിധികൾ വിലയിരുത്തും.

Content Highlights: Congress,which suffered unexpected defeat in the local body elections,is preparing for rectification