തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ കോവിഡ് പ്രതിരോധ, ദുരിതാശ്വാസ നടപടികളെ വിമർശിക്കുന്ന കോൺഗ്രസ് നേതൃത്വം ദുരന്തമായി മാറിയെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം എം.പി. ഫണ്ട് വെട്ടിക്കുറച്ചതിനെപ്പോലും അവർ വിമർശിക്കുന്നില്ല. പകരം തരാനുള്ളതെല്ലാം തന്നുവെന്നുപറഞ്ഞ് കേന്ദ്രത്തെ വെള്ളപൂശാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിനു ലഭിച്ച 1594 കോടി രൂപ അധിക സഹായമല്ല. ധനകാര്യ കമ്മിഷന്റെ തീർപ്പുകാരണം ലഭിക്കേണ്ട തുകയാണ്. ഇതിൽ 150 കോടി പൊതുദുരിതാശ്വാസ സഹായത്തിന്റെ ഭാഗമാണ്. അതേസമയം, ജി.എസ്.ടി. കോമ്പൻസേഷൻ 3000 കോടി കേരളത്തിനു കിട്ടാനുണ്ട്. അതിനെതിരേ പ്രതിപക്ഷം പ്രതിഷേധിക്കുന്നില്ല.

എ.പി.എല്ലിന് 15 കിലോ അരി സൗജന്യമായി നൽകാനും മറ്റും 150 കോടി, ഭക്ഷ്യക്കിറ്റിന് 650 കോടി, പെൻഷൻ ലഭിക്കാത്ത ക്ഷേമനിധി തൊഴിലാളികൾക്ക് 1000, 2000 രൂപവീതം നൽകാൻ 500 കോടി, ഇതിലൊന്നും പെടാത്ത മറ്റു സാധാരണക്കാർ, കച്ചവടക്കാർ, ക്ഷേത്ര കലാകാരൻമാർ, നാടകക്കാർ തുടങ്ങിയവർക്ക് 150 കോടി രൂപയെങ്കിലും നൽകണം. കുടുംബശ്രീക്കു നൽകുന്ന 2000 കോടിയുടെ പലിശബാധ്യത 500 കോടി. ഇതൊക്കെയാണ് പുതിയ ചെലവുകളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Congress leadership tragedy- Thomas Isaac