തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ മുഖംമിനുക്കാനുള്ള വഴികൾതേടി കോൺഗ്രസ്. നേതൃമാറ്റം വേണമെന്ന ആവശ്യം മുതിർന്ന ചില നേതാക്കൾ ഉയർത്തിയെങ്കിലും അത് ഉടൻ വേണ്ടെന്ന നിലപാടിലാണു നേതൃത്വം. ഹൈക്കമാൻഡിന്റെ നിലപാടായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഇക്കാര്യം വ്യക്തമാക്കി. അതുകൊണ്ടുതന്നെ കെ.പി.സി.സി. തലത്തിൽ നേതൃമാറ്റം തത്കാലം ഉണ്ടാകില്ല.
ഡി.സി.സി. പ്രസിഡന്റുമാരുടെ മാറ്റം പരിഗണനയിലുണ്ട്. എന്നാൽ, കോൺഗ്രസിൽ ഇത്തരം തീരുമാനങ്ങളെടുത്തു നടപ്പാക്കുക എളുപ്പമല്ല. പല തട്ടിലായി മാസങ്ങൾ നീണ്ട ചർച്ചകളിലൂടെയാണ് ഭാരവാഹികളെ നിയമിച്ചത്. അവരെ മാറ്റാൻ എളുപ്പമാണെങ്കിലും പകരം ചുമതലക്കാരെ കണ്ടെത്തുക സുഗമമാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖംമിനുക്കൽ നീട്ടിക്കൊണ്ടുപോകാനും കഴിയില്ല.
പിന്നാക്കംപോയ ജില്ലകളിൽ അഴിച്ചുപണി
കേരള കോൺഗ്രസിന്റെ മാറ്റം മുതൽ തോൽവിക്കു കാരണങ്ങൾ പലതുണ്ടെങ്കിലും പാർട്ടി വല്ലാതെ പിന്നാക്കംപോയ ജില്ലകളിൽ ഡി.സി.സി. തലത്തിൽ മാറ്റംവേണമെന്ന ആവശ്യം ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് ജില്ലകൾ ഇക്കൂട്ടത്തിൽ പെടും.
എം.പി.യായതിനെ തുടർന്ന് വി.കെ. ശ്രീകണ്ഠൻ ഒഴിയാൻ ആഗ്രഹിച്ച പാലക്കാട്, എം.എൽ.എ.യായതിനാൽ ഐ.സി. ബാലകൃഷ്ണൻ ഒഴിയാൻ ആഗ്രഹിച്ച വയനാട്, ടി.ജെ. വിനോദ് എം.എൽ.എ. ഒഴിയാൻ താത്പര്യപ്പെട്ട എറണാകുളം ജില്ലകൾക്കുകൂടി പുതിയ പ്രസിഡന്റുമാരെ നിയമിച്ചാൽ മിനി പുനഃസംഘടനയാകുമെന്നാണു വിലയിരുത്തൽ. ജില്ലകളിൽ നിലവിലുള്ള ജംബോ കമ്മിറ്റികൾ ഫലപ്രദമല്ലെന്ന വിമർശനം നേരത്തേയുണ്ട്.
വിമർശനം; പിന്നാലെ കൂടിക്കാഴ്ച
കെ. മുരളീധരൻ, കെ. സുധാകരൻ, പി.ജെ. കുര്യൻ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങി നേതാക്കൾ വിമർശനവുമായി കളംനിറഞ്ഞു. ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും അടിമുടി അഴിച്ചുപണി വേണമെന്നും കെ. സുധാകരൻ നിർദേശിച്ചു.
മുഖ്യമന്ത്രിയും മന്ത്രിയുമാകാൻ നിൽക്കുന്നവർ കാര്യങ്ങൾ മനസ്സിലാക്കണമെന്ന് കെ. മുരളീധരൻ പറഞ്ഞു. വിമർശനങ്ങൾ പൊട്ടിത്തെറിയിലേക്കു നീങ്ങുമെന്നു കണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ കെ.പി.സി.സി. ആസ്ഥാനത്ത് ഒത്തുകൂടി. ഈ ആലോചനകളെ തുടർന്നാണ് മൂന്നുമണിക്ക് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി ചേരുംമുമ്പ് ഡൽഹിയിൽനിന്ന് വിശദീകരണം നൽകിയത്.
Content Highlights: congress, Kerala Local Body Election 2020