തിരുവനന്തപുരം: കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ പൊതുവികാരം. നിയമസഭാതിരഞ്ഞെടുപ്പില്‍ ജംബോ സമിതികള്‍കൊണ്ട് കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, ആളുകൂടിയതിനാല്‍ ആര്‍ക്കും ഉത്തരവാദിത്വവുമുണ്ടായില്ല.

തിരഞ്ഞെടുപ്പുഫലം വിശദമായി വിലയിരുത്താന്‍ രാഷ്ട്രീയകാര്യസമിതിയുടെ യോഗം 18, 19 തീയതികളില്‍ ചേരും. അതിനുമുമ്പായി മത്സരിച്ച സ്ഥാനാര്‍ഥികള്‍, ഡി.സി.സി. പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരില്‍നിന്ന് വിശദമായ റിപ്പോര്‍ട്ട് വാങ്ങും. എ.ഐ.സി.സി. പ്രതിനിധികളും തോല്‍വിയെക്കുറിച്ച് പഠിക്കാനെത്തും.

മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടിക്കും നേതാക്കള്‍ക്കും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പോഷകസംഘടനകളിലും മാറ്റംവേണം.

പ്രധാനമായും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. സംഘടനകളുടെ തിരഞ്ഞെടുപ്പ് പഴയ രീതിയിലാക്കണം. പാര്‍ട്ടിയെ നവീകരിക്കുന്നതിനും സംഘടനയെ അടിമുടി ഉടച്ചുവാര്‍ക്കുന്നതിനുമുള്ള വിശദമായ ചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ബി.ജെ.പി.ക്ക് വിജയസാധ്യതയുണ്ടായിരുന്ന മൂന്നുമണ്ഡലങ്ങളില്‍ അവരെ തടുത്തുനിര്‍ത്തിയത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളാണ്. മഹാമാരിയും പ്രളയവും സര്‍ക്കാരിനെതിരായ വിഷയങ്ങളെ സമരപഥത്തിലെത്തിക്കുന്നതിന് പ്രതിപക്ഷത്തിന് തടസ്സമായിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

ഒമ്പതുസീറ്റുകളില്‍ ഒതുങ്ങി പരാജയത്തില്‍ പതിച്ച പാര്‍ട്ടിയെ യുവശക്തിയുടെ മുന്നേറ്റത്തിലൂടെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവന്ന ചരിത്രം യോഗം അനുസ്മരിച്ചു.

പ്രകടനം നിരാശപ്പെടുത്തി -സോണിയ

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി. പരാജയത്തില്‍നിന്ന് പാര്‍ട്ടി എം.പി.മാര്‍ വിനയത്തോടെ യുക്തമായ പാഠങ്ങള്‍ പഠിക്കണമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അവര്‍ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതും അപ്രതീക്ഷിതവുമാണ്. പരാജയം പരിശോധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഉടന്‍ വിളിക്കും. സംസ്ഥാനങ്ങളിലെ വിജയത്തിന് ടി.എം.സി., ഡി.എം.കെ, ഇടത് പാര്‍ട്ടികള്‍ എന്നിവയെ സോണിയ അഭിനന്ദിച്ചു.