തിരുവനന്തപുരം: കോൺഗ്രസിൽ മുതിർന്ന നേതാക്കളും ഔദ്യോഗികപക്ഷവും തമ്മിൽ തുറന്ന ഏറ്റുമുട്ടൽ. പരസ്പരം പഴിചാരി ഇരുവിഭാഗവും ഹൈക്കമാൻഡിനെ സമീപിക്കും.

കഴിഞ്ഞദിവസം ചേർന്ന യു.ഡി.എഫ്. യോഗം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്കരിച്ചതിലൂടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള അകലം ഏറ്റുമുട്ടലിലേക്കു നീങ്ങുകയാണ്. എ, ഐ വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അച്ചുതണ്ടായി നിൽക്കുന്നുവെന്നതാണ് ഔദ്യോഗിക വിഭാഗത്തിന്റെ പരാതി.

കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്ക് ഇരുവരും ചേർന്ന് മാറ്റുന്നുവെന്ന് കെ. സുധാകരൻ-വി.ഡി. സതീശൻ ടീം ഹൈക്കമാൻഡിനെ ധരിപ്പിക്കും.

കെ. കരുണാകരൻ-എ.കെ. ആന്റണി പോര് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തുപോലും കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണിയുടെ മുമ്പിലെത്തിയിരുന്നില്ല. ഇപ്പോൾ മുതിർന്ന നേതാക്കൾതന്നെ അതിനു തയ്യാറായത് ഗുരുതരമായി കാണണം. പുനഃസംഘടനയെ എതിർക്കുന്നത് പാർട്ടി പ്രവർത്തനം നിർജീവമാക്കാനാണെന്നും അവർ വിലയിരുത്തുന്നു.

ഔദ്യോഗികപക്ഷംതന്നെ ഹൈക്കമാൻഡിൽ പരാതി നൽകുന്നതിനെ എ, ഐ ഗ്രൂപ്പുകൾ സ്വാഗതംചെയ്യുന്നു. ഹൈക്കമാൻഡ് ഇടപെടലാണ് അവരുടെയും ലക്ഷ്യം. മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്നും ഏകപക്ഷീയമായി അച്ചടക്ക നടപടികൾ സ്വീകരിക്കുന്നു എന്നുമായിരുന്നു ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയെക്കണ്ട് പറഞ്ഞ പ്രധാന പരാതി.

അവഗണന ഉണ്ടാകില്ലെന്നും അച്ചടക്കസമിതി വരുമെന്നും സോണിയ ഉറപ്പുനൽകി. എന്നാൽ, ആ തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന് ഗ്രൂപ്പ് നേതൃത്വം വിലയിരുത്തുന്നു. മുന്നണി യോഗ ബഹിഷ്കരണത്തിന് മുതിർന്ന നേതാക്കളെ പ്രേരിപ്പിച്ചതും ഇതാണ്.

രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേർക്കാത്തതും എക്സിക്യുട്ടീവിലേക്ക് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പി.മാർ, നിയമസഭാകക്ഷി ഭാരവാഹികൾ എന്നിവരെ വിളിക്കാത്തതും വിമർശനം ഭയന്നാണെന്നും അവർ കുറ്റപ്പെടുത്തുന്നു.