തിരുവനന്തപുരം : പോരടിച്ചുനിന്നവര്‍ക്കും ഒന്നിക്കാമെന്നും അതിലൂടെ മാതൃകാഭരണം തീര്‍ക്കാമെന്നും കേരളത്തിന് കാണിച്ചുതന്ന ഭരണമുന്നണി കൂട്ടുകെട്ടിന് അരനൂറ്റാണ്ട്. സി. അച്യുതമേനോന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ആദ്യ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഭരണത്തിന് ശനിയാഴ്ച 50 വര്‍ഷം പൂര്‍ത്തിയായി.

കുടികിടപ്പുകാരനും പാട്ടക്കര്‍ഷകര്‍ക്കും ഭൂമി, 70 നിയമനിര്‍മാണം, 45 പൊതുമേഖലാസ്ഥാപനങ്ങള്‍, ആദ്യ കാര്‍ഷിക സര്‍വകലാശാല, ജനകീയപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍, വിദേശനിക്ഷേപമടക്കം കേരളത്തിലെത്തിച്ച് വ്യവസായമേഖലയിലുണ്ടാക്കിയ മാറ്റം, അച്യുതമേനോന്‍ ഭരണം എല്ലാഅര്‍ഥത്തിലും 'കേരളമോഡല്‍' ആയിരുന്നു. 50 ആണ്ടിനിപ്പുറവും ഒരു ഭരണകൂടത്തിനും തകര്‍ക്കാനാകാത്ത നേട്ടമാണ് ആ സര്‍ക്കാരിന്റെ അക്കൗണ്ടിലുള്ളത്. 1969 നവംബര്‍ ഒന്നിനാണ് അച്യുതമേനോന്‍ അധികാരത്തിലെത്തുന്നത്. ഈ ഭരണത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നത് 1971 സെപ്റ്റംബര്‍ 25-നാണ്.

തൃശ്ശൂരിന്റെ മണ്ണില്‍നിന്ന് കലഹിച്ചുതുടങ്ങിയ കെ. കരുണാകരനും സി. അച്യുതമേനോനും അസ്വാരസ്യങ്ങളില്ലാതെ ഒരുമിച്ച് കേരളത്തെ നയിച്ചു. 1957-ല്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയത് അച്യുതമേനോനാണ്. 26 ലക്ഷം കുടികിടപ്പുകാര്‍ക്ക് പട്ടയം നല്‍കി. വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ കൊണ്ടുവന്ന ലക്ഷംവീട് പദ്ധതി, ആദ്യത്തെ ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതികൂടിയാണ്. തിരുവനന്തപുരത്ത് ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും റീജണല്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങുന്നതും ഇക്കാലത്താണ്. സ്വകാര്യ ഉടമകള്‍ കശുവണ്ടി ഫാക്ടറികള്‍ അടച്ചതോടെ തൊഴിലാളികള്‍ പട്ടിണിയിലേക്ക് മാറിയപ്പോഴാണ്, ആ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതിനാണ് കാഷ്യുകോര്‍പ്പറേഷന്‍ സ്ഥാപിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണം, സര്‍വീസിലിരിക്കേ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം, ഗ്രാറ്റ്വിറ്റി നിയമം, വികസന കാര്യങ്ങള്‍ക്ക് പദ്ധതി ആസൂത്രണം ചെയ്യാന്‍ പ്ലാനിങ് ബോര്‍ഡ്, കെല്‍ട്രോണ്‍ എന്ന ഇന്ത്യയില്‍ ആദ്യമായി പൊതുമേഖലയില്‍ ഇലക്ട്രോണിക്‌സ് യൂണിറ്റ്, ഹൗസിങ് ബോര്‍ഡ് അങ്ങനെ എണ്ണിപ്പറയാന്‍ ഏറെയുണ്ട് അച്യുതമേനോന്‍ സര്‍ക്കാരിന്. ജീവനക്കാരുടെ സമരത്തിന് ഡയസ്നോണ്‍ കൊണ്ടുവന്നതും ഇതേ സര്‍ക്കാരാണ്.

കോണ്‍ഗ്രസ് പങ്കാളിത്തത്തോടെയുള്ള അച്യുതമേനോന്‍ സര്‍ക്കാര്‍ പഴയ ഇ.എം.എസ്. സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയൊരുക്കാനും ശ്രദ്ധിച്ചു. അത് ഭൂപരിഷ്‌കരണത്തില്‍ മാത്രമായി ഒതുങ്ങിയില്ല. എല്ലാപഞ്ചായത്തിലും ഒരു സ്‌കൂള്‍, ഒരു ആശുപത്രി എന്ന ഇ.എം.എസ്. സര്‍ക്കാരിന്റെ പദ്ധതി ലക്ഷ്യത്തിലെത്തിച്ചത് അച്യുതമേനോനായിരുന്നു.

അടിയന്തരാവസ്ഥകാലത്തെ പോലീസ് ഭരണവും, രാജന്‍കേസ് എന്ന കറുത്ത ഏടുമാണ് അച്യുതമേനോന്‍ സര്‍ക്കാരിന്റെ പ്രഭകുറച്ചത്. പക്ഷേ, ഭരണകാലം കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും നട്ടെല്ലൊരുക്കി എന്നതില്‍ ഒരുതര്‍ക്കവുമില്ല. കേരളത്തിലാദ്യമായി ഭരണത്തുടര്‍ച്ചയുണ്ടായതും ഈ സഖ്യത്തിന് തന്നെയായിരുന്നു എന്നതും ചരിത്രം.

അച്യുതമേനോന്‍ സര്‍ക്കാര്‍ സ്ഥാപിച്ച മറ്റ് പ്രധാന സ്ഥാപനങ്ങള്‍

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍

കെ.എസ്.എഫ്.ഇ.

സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്

സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്

കേരള വനം വികസന കോര്‍പ്പറേഷന്‍

നാളികേര വികസന കോര്‍പ്പറേഷന്‍

കേരള ലൈഫ് സ്റ്റോക്ക് ?െഡവലപ്മെന്റ് ബോര്‍ഡ്

മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ

കേരള ഫിലിം ?െഡവലപ്മെന്റ് കോര്‍പ്പറേഷന്‍

കേരള ഡിറ്റര്‍ജന്റ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ്

കേരള ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്

കേരള ഷോപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍

സ്റ്റീല്‍ കോംപ്ലക്സ്

സംസ്ഥാന പട്ടികജാതി വികസന കോര്‍പ്പറേഷന്‍

സംസ്ഥാന റൂറല്‍ ?െഡവലപ്മെന്റ് ബോര്‍ഡ്

സംസ്ഥാന ബാംബു കോര്‍പ്പറേഷന്‍

സീതാറം ടെക്സ്‌റ്റൈല്‍സ്

സംസ്ഥാന ടെക്സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍

റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ്

കേരള ഗാര്‍മെന്റ്സ് ലിമിറ്റഡ്

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്

അര്‍ബന്‍ ?െഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍

ലാന്‍ഡ് ?െഡവലപ്മെന്‍് കോര്‍പ്പറേഷന്‍

സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ?െഡവലപ്മെന്റ് കോര്‍പ്പറേഷന്‍

കാംകോ

സ്റ്റീല്‍ ഇന്‍ഡ്ട്രീസ് കേരള ലിമിറ്റഡ്

കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍

സ്‌കൂട്ടേഴ്സ് കേരള ലിമിറ്റഡ്

ആസ്ട്രല്‍ വാച്ചസ് ലിമിറ്റഡ്