തിരുവനന്തപുരം: പുനഃസംഘടനയ്ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാലിക്കുക, അഥവാ 51 അംഗകമ്മിറ്റിക്ക് പുറമേ മാനദണ്ഡം നോക്കാതെ ഭാരവാഹികളെ നിയമിക്കുക. കെ.പി.സി.സി. പുനഃസംഘടനയിലെ തർക്കമൊഴിവാക്കാൻ നേതൃതലത്തിൽ പരിഗണിക്കുന്ന പോംവഴികൾ ഇവയാണ്. മാനദണ്ഡം ലംഘിച്ചും നിയമനം നടത്തണമെന്ന സമ്മർദം ശക്തമായതോടെയാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാകാതെ ഡൽഹിയിൽനിന്ന് മടങ്ങിയത്.

കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി രൂപം നൽകിയ മാനദണ്ഡങ്ങളിൽ തനിക്കായി ഇളവുവരുത്താനാകില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിന്നു. ഡി.സി.സി. പ്രസിഡന്റുമാരുടെ നിയമനത്തിൽ വേണ്ടത്ര ചർച്ച നടത്തിയില്ലെന്ന് പരാതികേട്ട തനിക്ക് ഇനിയും പഴി കേൾക്കാനാകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.

എം.പി.മാർ, എം.എൽ.എ.മാർ എന്നിവരെ പരിഗണിക്കേണ്ട, ഡി.സി.സി. പ്രസിഡന്റുമാരായിരുന്നവരെയും ദീർഘകാലം കെ.പി.സി.സി. ഭാരവാഹികളായിരുന്നവരെയും മാറ്റി നിർത്താമെന്നായിരുന്നു രാഷ്ട്രീയകാര്യസമിതി അംഗീകരിച്ച മാനദണ്ഡങ്ങൾ. എക്സിക്യുട്ടീവ് അംഗങ്ങളടക്കം 51 ഭാരവാഹികൾ മതിയെന്നും നിശ്ചയിച്ചു.

വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ജനറൽ സെക്രട്ടറി പദ്‌മജാ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവരെ ഉൾപ്പെടുത്തണമെന്ന ചർച്ച വന്നു. ഡി.സി.സി. പ്രസിഡന്റായി അധിക നാൾ തുടരാനാകാഞ്ഞ എം.പി. വിൻസന്റിനെ തുടരാൻ അനുവദിക്കണമെന്നും ആവശ്യമുയർന്നതോടെ ചർച്ച വഴിമുട്ടി. വിട്ടുവീഴ്ച ചെയ്താൽ ചിലരെ ഒഴിവാക്കാനായി മാത്രമാണ് മാനണ്ഡം കൊണ്ടുവന്നതെന്ന ആക്ഷേപമുണ്ടാവുമെന്നായിരുന്നു വിമർശനം.

എക്സിക്യുട്ടീവ് അംഗങ്ങളുടെ എണ്ണം കുറച്ച് ഭാരവാഹികളുടെ എണ്ണം കൂട്ടുക, മാനദണ്ഡത്തിൽ ഇളവ് വരുത്തി നിയമിക്കുന്നവരെ 51 അംഗ സമിതിക്ക് പുറമേ ഉൾപ്പെടുത്തുക എന്നീ നിർദേശങ്ങളാണ് ചർച്ചയിലുള്ളത്. ചൊവാഴ്ച കെ. സുധാകരൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സന്ദർശിച്ച് ചർച്ച നടത്തി. പൊതു ധാരണയ്ക്കുള്ള സൂത്രവാക്യം രൂപപ്പെടുത്തി പട്ടിക അന്തിമരൂപത്തിലാക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്.