തൃശ്ശൂർ: ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങളിൽനിന്ന് ചരക്ക്-സേവന നികുതി (ജി.എസ്.ടി.) ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക തീരുന്നില്ല. ഇത്തരം ഓൺലൈൻ സ്ഥാപനങ്ങൾക്ക് ജി.എസ്.ടി. ബാധകമാണെങ്കിലും ഇടപാട് നടത്തുന്ന മിക്ക ഹോട്ടലുകളും കോമ്പോസിഷൻ രീതി സ്വീകരിച്ചതിനാൽ ജി.എസ്.ടി.ക്ക് പുറത്താണ്.

ഉപഭോക്താവിൽനിന്ന് ജി.എസ്.ടി. ഈടാക്കാതെ വിറ്റുവരവിന്റ അഞ്ചുശതമാനം അടയ്ക്കുകയാണ് ഇവയുടെ രീതി. അതിനാൽ ഇവയെ ഏകോപിപ്പിച്ച് മുൻകൂർ നികുതി തിരിച്ചുനല്കുന്ന സംവിധാനം നടപ്പാക്കാനാകുന്നില്ല. കോമ്പോസിഷൻ രീതി സ്വീകരിച്ച ഹോട്ടലുകളും ജി.എസ്.ടി. ശൃംഖലയുടെ ഭാഗമായാലേ ഇത് നടപ്പാകൂ. നിലവിൽ കോമ്പോസിഷൻ സ്ഥാപനങ്ങൾ ശൃംഖലയിൽപ്പെടുന്നില്ല. എന്നാൽ, നികുതി ഒടുക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾ മുൻകൂർ നികുതി തിരികെ കിട്ടുന്നതിനായി ശൃംഖലയുടെ ഭാഗമാണ് താനും.

ഈ പ്രശ്നം പരിഹരിക്കുന്നതിന് ജി.എസ്.ടി. കൗൺസിൽ നിയമസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി. ഈടാക്കലും അതിനായുള്ള ഏകോപനവും എങ്ങനെ വേണമെന്ന് കമ്മിറ്റി ഉടൻ തീരുമാനിക്കും.

കഴിഞ്ഞ ഒക്ടോബർമുതലാണ് ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് ഇടപാടിന് ഒരുശതമാനം നികുതി ഹോട്ടലുകളിൽനിന്ന് ഈടാക്കാമെന്ന് ജി.എസ്.ടി. വകുപ്പ് ഉത്തരവിറക്കിയത്. ഈ ഒരുശതമാനം കോമ്പോസിഷൻ രീതിയിലുള്ള ഹോട്ടലുകൾക്ക് തിരികെ കിട്ടില്ല. അതിനാൽ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനങ്ങൾക്ക് ഇത് നേടിയെടുക്കാനുമാകുന്നില്ല.

രാജ്യത്ത് ഒരുലക്ഷത്തോളം ഹോട്ടലുകൾ ഓൺലൈൻ ഭക്ഷണവിതരണത്തിൽ പങ്കാളികളാണ്. ഇതിൽ ഇടപാടിന്റെ 70 ശതമാനം തുകയും കിട്ടുന്നത് ഡിജിറ്റൽ പണമായിട്ടാണ്.

Content Highlights: Confusion about Gst Calculation in Online Food Distribution